പ്രധാന നടന്റെ തിരക്കഥ പാടേ പാളിയിരിക്കുന്നു, നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

പ്രണവ് ജ്വല്ലറിക്കെതിരായ കള്ളപ്പണ കേസിൽ ഇ.ഡി നോട്ടിസ് അയച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. മോദിയുടെ സാന്നിധ്യത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റതിന്റെ ചുവടുപിടിച്ചാണ് പ്രകാശ് രാജിന്റെ പരിഹാസം.

ഇന്ത്യ ലോകകപ്പ് ജയിച്ചിരുന്നെങ്കിൽ മോദിയുടെ നേതൃത്വത്തിൽ ആഘോഷിക്കാൻ ബിജെപി പദ്ധതി തയാറാക്കിയിരുന്നുവെന്നു വിശദീകരിക്കുന്ന, ഒരു കോൺഗ്രസ് അനുകൂല അക്കൗണ്ടിൽ വന്ന കുറിപ്പു പങ്കുവച്ചാണ് പ്രകാശ് രാജിന്റെ പരിഹാസം.

പ്രധാന നടന്റെ തിരക്കഥ പാടേ പാളിയിരിക്കുന്നു. ഇനിയും ഇതുപോലെ ഒരുപാടു കാര്യങ്ങൾ വരും’’ – കുറിപ്പ് പങ്കുവച്ച് പ്രകാശ് രാജ് എഴുതി. നേരത്തെ, വിവാദ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായ നടനോട് അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഇ.ഡി നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജ്വല്ലറിയിൽനിന്നു കണക്കിൽപെടാത്ത 23.7 ലക്ഷം രൂപയും 11.6 കിലോ സ്വർണവും ഇ.ഡി പിടിച്ചെടുത്തിരുന്നു.