പാര്‍ത്ഥ ചാറ്റര്‍ജിക്ക് നേരെ ചെരുപ്പേറ് Partha Chatterjee

അധ്യാപക നിയമന അഴിമതി കേസിൽ പിടിയിലായ പാര്‍ത്ഥ ചാറ്റര്‍ജിക്ക് നേരെ ചെരുപ്പേറ്. പാര്‍ത്ഥ ചാറ്റര്‍ജിയെ കേന്ദ്ര സര്‍ക്കാരിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒരു സ്ത്രീ ചെരുപ്പൂരിയെറിയുകയായിരുന്നു. ചാറ്റര്‍ജിക്ക് നേരെ ചെരുപ്പെറിഞ്ഞ ശേഷം തന്റെ പേര് സുഭ്ര ഘദുയ് എന്നാണെന്നും താൻ സൗത്ത് 24 പര്‍ഗൻസ് ജില്ലയിലെ അംതാല സ്വദേശിയാണെന്നും അവർ മാധ്യമങ്ങളോട് പറയുകയുണ്ടായി.

എന്തിന് ചെരുപ്പെറിഞ്ഞെന്ന് ചോദ്യത്തിന് ‘നിങ്ങൾക്ക് അറിയില്ലേ? ഒരുപാട് പാവങ്ങളുടെ പണം അയാൾ അപഹരിച്ചു, ഫ്ലാറ്റുകൾ വാങ്ങി. എന്നിട്ടും നിങ്ങൾ ചോദിക്കുന്നു എന്തിനെന്ന്. അയാളെ എസി കാറിലാണ് കൊണ്ടുനടക്കുന്നത്. അയാളെ കഴുത്തിൽ കയര്‍ കെട്ടി വലിച്ചുകൊണ്ടാണ് പോകേണ്ടത്. ആ ചെരുപ്പ് അയാളുടെ തലയിൽ കൊണ്ടിരുന്നെങ്കിൽ എനിക്ക് സന്തോഷമായേനെ’ – സ്ത്രീ പറഞ്ഞു.

നിരവധി പേര്‍ക്ക് കഴിക്കാൻ ഭക്ഷണമില്ല. ജോലി വാഗ്ദാനം ചെയ്ത് അയാൾ പണം തട്ടി. എന്നിട്ട് അയാൾ സന്തോഷിക്കുന്നു. ആ പണം സൂക്ഷിക്കാൻ ഫ്ലാറ്റുകൾ വാങ്ങി. എന്റെ മാത്രം ദേഷ്യമല്ല, ബംഗാളിലെ ലക്ഷക്കണക്കിന് ആളുകളുടെ ദേഷ്യമാണ്. അവര്‍ പറഞ്ഞു. ‌ചെരുപ്പേറിനെ തുടർന്ന് പാര്‍ത്ഥ ചാറ്റര്‍ജിയെ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഇതോടെ ചാറ്റർജിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുമുണ്ട്.

50 കോടി രൂപയാണ് മന്ത്രി ഉൾപ്പെട്ട അധ്യാപക നിയമന അഴിമതി കേസിൽ ഇതുവരെ ഇഡി കണ്ടെത്തിയത്. പിടിച്ചെടുത്ത പണവും സ്വർണ്ണവും 20 പെട്ടികളിലാക്കിയാണ് മാറ്റിയത്. ഇതോടെ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും, തൃണമൂൽ കോൺഗ്രസിലെ എല്ലാ പദവികളിൽ നിന്നും നീക്കുകയും ചെയ്യുകയും ഉണ്ടായി. പാർട്ടി അച്ചടക്ക സമിതി ചേർന്നാണ് ഈ തീരുമാനം എടുത്തത്.

മുഖം രക്ഷിക്കാൻ തൃണമൂൽ നടപടി എടുത്തത്, അഞ്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു. കേസില്‍ പാര്‍ത്ഥയെയും സുഹൃത്തും നടിയുമായ അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. അര്‍പിതയുടെ ഫ്ളാറ്റിൽ നിന്ന് നേരത്തെ 25 കോടി കണ്ടെത്തിയിരുന്നു. പിന്നീട് ഒരു ഫ്ളാറ്റിൽ നിന്ന് കൂടി പണം കണ്ടെത്തിയതോടെ തൃണമൂൽ കോൺഗ്രസിന് നടപടി എടുക്കുകയായിരുന്നു.