വിമനത്തില്‍ നിറയെ ഗര്‍ഭിണികളും കുട്ടികളും, നിറയെ ആശങ്ക, റിയാദില്‍ നിന്നും കോഴിക്കോട് എത്തിയ മിന്‍സിയ പറയുന്നു

റിയാദില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയതില്‍ അധികവും ഗര്‍ഭിണികളും കുട്ടികളുമായിരുന്നു. ഈ വിമാനത്തിലെ യാത്രക്കാരി ആയിരുന്നു നിലമ്പൂര്‍ ചന്തക്കുന്നില്‍ മിന്‍സിയ ബീഗം തന്റെ അനുഭവം തുറന്ന് പറയുകയാണ്. കൈപിടിക്കാന്‍ പോലും ഒരാളും ഇല്ലാതെയാണ് പല ഗര്‍ഭിണികളും സ്വന്തം നാടിന്റെ തണലിലേക്ക് മടങ്ങി എത്തിയതെന്ന് മിന്‍സിയ പറയുന്നു.

വിമാനത്തില്‍ കൂടുതലും ഗര്‍ഭിണികള്‍. ചില ഗര്‍ഭിണികളുടെ കൂടെയുള്ളതു നാലോ അഞ്ചോ വയസ്സുള്ള കുട്ടികള്‍. പല കുട്ടികളും നിര്‍ത്താതെ കരച്ചിലും ബഹളവും. മറ്റു ചില യാത്രക്കാരാകട്ടെ ശാരീരിക അസ്വസ്ഥയുള്ളവര്‍. ആണ്‍തുണയില്ലാതെ, കൈപിടിക്കാന്‍ ആളില്ലാതെയാണു പലരും നാട്ടിലേക്കു മടങ്ങുന്നത്. വിമാനത്തില്‍ അവരുടെ കൂടെയിരിക്കുമ്പോള്‍ മനസ്സു നിറയെ ആശങ്കയായിരുന്നു”. – മിന്‍സിയ പറഞ്ഞു..

റിയാദില്‍നിന്നു കരിപ്പൂരില്‍ എത്തും വരെ പല ഗര്‍ഭിണികളും ആശങ്കയിലായിരുന്നു. എന്നാല്‍, കരിപ്പൂരിലെത്തി വിമാനത്തില്‍നിന്നു പുറത്തിറങ്ങുംവരെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ആരും പറഞ്ഞു കേട്ടില്ലെന്നും നാട്ടിലെത്തിയ സന്തോഷം അവരുടെ മുഖങ്ങളില്‍ ഉണ്ടായിരുന്നുവെന്നും മിന്‍സിയ പറഞ്ഞു.

റിയാദിലെ ഒരു കമ്പനിയിലെ ജോലിക്കാരനാണ് മിന്‍സിയയുടെ ഭര്‍ത്താവ്. കുടുംബ വിസയില്‍ റിയാദിലേക്ക് പോയ മിന്‍സിയ കഴിഞ്ഞ മാര്‍ച്ച് 27ന് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ടിക്കറ്റ് റദ്ദായി. നാട്ടിലേക്ക് മടങ്ങാന്‍ അപേക്ഷിച്ചെങ്കിലും എംബസിയില്‍ നിന്നും യാതൊരു വിവരവും ലഭിച്ചില്ലെന്നും നേരിട്ട് പോയി അന്വേഷിച്ച ശേഷമാണ് ടിക്കറ്റ് ലഭിതച്ചതെന്നും മിന്‍സിയ പറഞ്ഞു. 952.5 റിയാല്‍ ആയിരുന്നു ടിക്കറ്റ് നിരക്ക്. മുന്‍പ് 3 തവണ റിയാദിലേക്കു സന്ദര്‍ശക വീസയില്‍ യാത്ര ചെയ്തപ്പോഴൊന്നും ഇല്ലാത്ത മാനസിക സംഘര്‍ഷം ഈ യാത്രയില്‍ ഉണ്ടായിരുന്നുവെന്നു മിന്‍സിയ പറഞ്ഞു. എല്ലാവര്‍ക്കും മാസ്‌കും ഗ്ലൗസും. ചിലര്‍ സുരക്ഷാ വസ്ത്രവും ധരിച്ചാണു വിമാനത്തില്‍ ഇരുന്നിരുന്നത്.

എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളിലും പ്രത്യേക ചിട്ടകള്‍ ആയിരുന്നു. ഒരു മാസത്തിലേറെ റിയാദില്‍ കുടുങ്ങിയപ്പോള്‍ ഇതുവരെ കാണാത്ത കാഴ്ചകളായിരുന്നു കണ്ടത്. ഒരു നേരത്തെ ഭക്ഷണം കിട്ടാതെയും ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടാതെയും പ്രയാസപ്പെടുന്നവരെക്കുറിച്ചും അവര്‍ക്കെല്ലാം സഹായമെത്തിക്കാന്‍ ഓടി നടക്കുന്ന മലയാളികളുടെ പ്രവര്‍ത്തനങ്ങളും നേരിട്ടറിഞ്ഞുവെന്നും പ്രവാസികളുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്നും മിന്‍സിയ പറഞ്ഞു