ആളൊഴിഞ്ഞ ഷെഡിൽ യുവാവിനെയും പ്ലസ്ടു വിദ്യാർഥിനിയും മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ. ചേര്‍ത്തലയില്‍ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം സ്വദേശി അനന്തകൃഷ്ണന്‍ (23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാല സ്വദേശി ഷിബുവിന്റെ മകള്‍ എലിസബത്ത് (17) എന്നിവരൊണ് ഇന്നലെ വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൂച്ചാക്കലിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് എലിസബത്ത്. ഇന്നലെ സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് എലിസബത്ത് വീട്ടില്‍ നിന്നും പോയത്. തുടര്‍ന്ന് വൈകിട്ട് മടങ്ങി വരാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

അനന്തകൃഷ്ണന്‍ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് അനന്തകൃഷ്ണന്‍.