‘കുട പിടിപ്പിക്കുന്ന മഹാത്മാ മോദിജി’; പരിഹാസവുമായി ബി.വി. ശ്രീനിവാസ്

മഴയത്ത് സ്വയം കുടചൂടി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ വൈറലായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംവിധായകന്‍ പ്രിയദര്‍ശനും ഉള്‍പ്പെടെ നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാവുകയാണെന്നാണ് വി മുരളീധരന്‍ കുറിച്ചത്. തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല എന്നും മുരളീധരന്‍ കുറിച്ചിരുന്നു.

എന്നാല്‍ മുന്‍പ് പല അവസരങ്ങളിലും മോദി മറ്റുള്ളവരെക്കൊണ്ട് കുട പിടിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് പരിഹാസവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്. മഹാത്മാ മോദിജി തനിയെ കുട പിടിച്ചുനില്‍ക്കുന്നു എന്ന കുറിപ്പോടെയാണ് ശ്രീനിവാസ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.