‘നില്ല് നില്ല്’ ട്രെൻഡിന് ശേഷം ‘മെയ്‌ക്ക് എ സീൻ’; വാഹനം തടഞ്ഞ് ഡാൻസ്,വിദ്യാർത്ഥികൾ പിടിയിൽ

ചെന്നൈ: പൊതുജനങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാക്കി വാഹനം തടഞ്ഞ് ഡാൻസ് കളിക്കുന്ന വീഡിയോ ചിത്രീകരിക്കുന്ന സംഭവത്തിൽ വിദ്യാർത്ഥികൾ പോലീസ് പിടിയിൽ . ഇതിന് മുൻപും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. നില്ല് നില്ല് നീല കുയിലേ’ എന്ന് തുടങ്ങുന്ന ഗാനം തരംഗമാകുകയും വാഹനങ്ങൾ തടഞ്ഞ് ഈ ഗാനത്തിനനുസരിച്ച് യുവാക്കൾ ആടുകയും ചെയ്യുന്ന സംഭവം വൻ വിവാദമായിരുന്നു. അന്ന് പോലീസ് നടപടി എടുത്തിരുന്നു.

ടിക്ക്‌ടോക്കിൽ പ്രചരിപ്പിക്കുന്നതിനായിട്ടായിരുന്നു ഗതാഗത സംവിധാനത്തെ പോലും തകിടം മറിച്ച് യുവാക്കൾ വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഇപ്പോഴിതാ ജനങ്ങളെ ഒരുകാലത്ത് ബുദ്ധിമുട്ടിച്ച പഴയ ട്രെൻഡിനെ ഓർമ്മപ്പെടുത്തി അടുത്ത പാട്ടുമായി എത്തിയ വിദ്യാർത്ഥികളെ പിടികൂടിയിരിക്കുകയാണ് പോലീസ്. ചെന്നൈയിലെ കോയമ്പേട് നിന്ന് പൂനമല്ലിയിലേക്ക് പോയ ബസായിരുന്നു വിദ്യാർത്ഥികൾ തടഞ്ഞ് ഡാൻസ് കളിച്ചത്.

തുടർന്ന് റീലായി ചിത്രീകരിച്ച വീഡിയോ വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ ദൃശ്യങ്ങൾ ഗ്രേറ്റർ ചെന്നൈ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളെ പോലീസ് പിടികൂടി. ശേഷം വിദ്യാർത്ഥികൾ തടഞ്ഞ അതേ ബസിന്റെ മുന്നിലെത്തിക്കുകയും മേലാൽ ആവർത്തിക്കില്ലെന്ന് പ്രതിജ്ഞയെടുപ്പിക്കുകയുമായിരുന്നു. പോലീസ് അന്വേഷണം നടത്തി ഇത്തരക്കാരെ പിടികൂടാൻ തുടങ്ങിയതോടെ യുവാക്കളുടെ നില്ല് നില്ല് ട്രെൻഡിന് വിരാമമായി.