മൂന്നുവയസ്സുകാരന്റെ ജീവനെടുത്ത് ചൈനയുടെ സീറോ കൊവിഡ് നയം; മരണത്തിന് ഉത്തരം പറയേണ്ടി വരും

ബെയ്ജിങ്: ചൈനയിൽ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി പിഞ്ചുകുഞ്ഞിന് ജീവൻ നഷ്ട്ടമായ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഭരണകൂടത്തിന്റെ സീറോ കൊവിഡ് നയമാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് മൂന്ന് വയസുകാരന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ആരോപിച്ചു.
ചൈനയിലെ ഗാന്‌സു പ്രവിശ്യയിലായിരുന്നു സംഭവം. കുഞ്ഞിനും അവന്റെ അമ്മയ്‌ക്കും ശ്വാസതടസം അനുഭവപ്പെട്ടതായിരുന്നു തുടക്കം. കുടുംബാംഗങ്ങൾ തന്നെ സ്ത്രീക്ക് സിപിആർ നൽകിയതോടെ അമ്മയ്‌ക്ക് അൽപം ആശ്വാസം ലഭിച്ചെങ്കിലും മകന്റെ ആരോഗ്യനില വഷളായി.

കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ കുടുംബം എമർജൻസി നമ്പറിൽ വിളിച്ചു. എന്നാൽ കുഞ്ഞിനെ വന്ന് കൂട്ടിക്കൊണ്ടുപോകാൻ അവർ തയ്യാറായില്ല. അതിന് ശേഷം കൊറോണ പ്രവർത്തകരെയും കുടുംബം സമീപിച്ചു. എന്നാൽ അവരും സഹായത്തിനെത്തിയില്ല. ആദ്യം കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നായിരുന്നു അവർ നിർദേശിച്ചിത്. എന്നാൽ കഴിഞ്ഞ 10 ദിവസത്തിനിടെ ടെസ്റ്റ് എടുക്കാതിരുന്നതിനാൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല. ഇതോടെ എത്താൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

തുടർന്ന് മകൻ കോമയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. കുഞ്ഞിനെ കൈയ്യിലെടുത്ത് നടുറോഡിലിറങ്ങി വാഹനങ്ങൾക്ക് കൈവീശിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും തന്നെ സഹകരിച്ചില്ല. നേരത്തെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷപ്പെടുത്താമായിരുന്നുവെന്നും കുടുംബം പറയുന്നത്. പിഞ്ചുകുഞ്ഞിന്റെ ജീവന് ഉത്തരം നൽകേണ്ടത്ത് ചൈനീസ് ഭരണകൂടമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.