രാജവെമ്പാലയെ മുണ്ട് ഉടുത്ത്‌ പിടിച്ചു, പല തവണ കൊത്താൻ ശ്രമിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ

പാമ്പുകളിലെ മഹാരാജാവായ ഏറ്റവും വലിയ വിഷ സർപ്പം “രാജ വെമ്പാലയെ നിസ്സാര മട്ടിൽ വാലിൽ തൂക്കി എടുത്ത മുണ്ട് ഉടുത്ത പാമ്പു പിടിത്തക്കാർക്കെതിരെ സോഷ്യൽ മീഡിയിൽ വമ്പൻ ട്രോളുകൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ യാതൊരു കരുതലും സുരക്ഷയും ഇല്ലാതെ .അശാസ്ത്രീയമായിട്ട് പാമ്പിനെ പിടിച്ചതാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ അടക്കം വിമർശനത്തിന് ഇടയാകുന്നത്.തൃശ്ശൂർ എച്ചിപ്പാറയിൽ ആണ് സംഭവം.യുവാക്കൾ പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പിന്റെ താത്ക്കാലിക വാച്ചർ അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ജയൻ, പ്രദേശവാസിയായ വേലായുധൻ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്.നിരവധി തവണ പാമ്പ് യുവാക്കളെ കൊത്താൻ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്.

വനംവകുപ്പ്‌ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അടക്കം സ്ഥലത്തുണ്ടായിരുന്നു. അശാസ്ത്രീയമായിട്ടാണ് യുവാക്കൾ രാജവെമ്പാലയെ പിടികൂടിയതെന്നും പാമ്പിനെ വേദനിപ്പിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മാത്രമല്ല വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും വിമർശനമുണ്ട്. സംഭവത്തിൽ വനംമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

എച്ചിപ്പാറയിലെ പുഴയോരത്ത് നാട്ടുകാരാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. ഇവർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസിയേയും താത്ക്കാലിക വാച്ചറെയും കൂട്ടി പാമ്പിനെ പിടികൂടാൻ പോകുകയായിരുന്നു.

ഉഗ്രവിഷമുള്ള പാമ്പാണ് രാജവെമ്പാല. അതിനാൽത്തന്നെ അത്രയും ട്രെയിനിംഗ് ലഭിച്ച ഒരാളായിരിക്കണം ഇതിനെ പിടികൂടേണ്ടത്. അങ്ങനെയിരിക്കെയാണ് യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ യുവാക്കളുടെ സാഹസം. ഇവർ ഷൂ പോലും ധരിച്ചിട്ടില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് കടിയേൽക്കാത്തതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിൽ വാവ സുരേഷ് പ്രതികരിച്ചിട്ടുണ്ട്. അടുത്തിടെ പാമ്പിനെ പിടിക്കാനിറങ്ങിയ പതിനാറ് പേർക്കാണ് കടിയേറ്റത്. ഇതിനെപ്പറ്റി ഒരു കുഞ്ഞും അറിഞ്ഞിട്ടില്ല, ഒരു വാർത്തയും വന്നിട്ടില്ല. ഒരു എക്സ്പീരിയൻസും ഇല്ലാത്ത, ഒരു ക്ലാസ് പോലും കേൾക്കാത്തവർ ചുമ്മാ പോയി പാമ്പിനെ പിടിക്കുകയാണ്. അവരെക്കൊണ്ട് പാമ്പിനെ പിടിപ്പിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്ന് വാവ സുരേഷ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

‘രാജവെമ്പാലയുടെ കടിയേറ്റാൽ മരണം സുനിശ്ചിതമാണ്. ഇവിടെ മരുന്നില്ല. കേരളത്തിൽ രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാലയിലെ അർഷാദ് എന്നൊരാൾ മരണപ്പെട്ടു. രണ്ട് വർഷങ്ങൾക്ക് മുമ്പ് അഞ്ചൽ റേഞ്ചിൽ താത്ക്കാലികമായി ജോലി ചെയ്യുന്ന ഹേമന്ദ് എന്ന് പറയുന്ന ചെറുപ്പക്കാരന് രാജവെമ്പാലയുടെ കടിയേറ്റു. ഒരു സോഷ്യൽ മീഡിയയിലും വരാത്തതാണ്. അദ്ദേഹം സീരിയസായി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അത് നേരിട്ടല്ല, ചാക്കിന് ഉള്ളിൽ നിന്ന് കടിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടത്. ട്രെയിനിംഗ് എന്നും പറഞ്ഞ് നിരപരാധികളായ ചെറുപ്പക്കാരെ വിളിച്ച് പാമ്പിനെ പിടിക്കാൻ പറഞ്ഞുവിടരുതെന്നാണ് എനിക്ക് പറയാനുള്ളത്- വാവ സുരേഷ് പറഞ്ഞു.