‘ഓപ്പറേഷന്‍ സാഗര്‍’; പന്ത്രണ്ടായിരം കിലോഗ്രാം മത്സ്യം പിടികൂടി

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ പിടിച്ചെടുത്തത് പന്ത്രണ്ടായിരം കിലോഗ്രാം മത്സ്യം. അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറായിരം കിലോ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയതായി ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. വാളയാറില്‍ നിന്ന് പിടിച്ചെടുത്ത ആറായിരം കിലോ മത്സ്യം ഉപയോഗ ശൂന്യവുമായിരുന്നു.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം വരെ ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്ന് കണ്ടെടുത്ത മത്സ്യം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച് കളയും. പാലക്കാട് വാളയാറില്‍ നിന്ന് പിടിച്ചെടുത്ത 6000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേ,ം ഇവ എത്തിച്ചവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പ്രകാരം നടപടി സ്വീകരിക്കും.

മത്സ്യങ്ങള്‍ കൂടുതല്‍ കാലം കേടുകൂടാതിരിക്കാനായി വിവിധ തരം രാസ വസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സര്‍ക്കാരിന്റെ സാഗര്‍ റാണി ഓപ്പറേഷന്‍ നടക്കുന്നത്. മൂന്ന് ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് രാസവസ്തു പ്രയോഗങ്ങളെ തുടര്‍ന്ന് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്തത്. റസിഡന്റ് അസോസിയേഷന്‍, കുടുംബശ്രീ എന്നിവയുടെ സഹായത്തോടെമത്സ്യ ഉപഭോക്താക്കള്‍ക്കിടയിലും ഇത് സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.