ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന് പെണ്‍കുഞ്ഞ്

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുഞ്ഞിനെ പ്രസവിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജസീന്ത പുറംലോകത്തെ അറിയിച്ചത്. ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയേഴുകാരിയായ ജസീന്ത. പദവിയിലിരിക്കെ കുഞ്ഞിനു ജന്മം നല്‍കിയ രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമാണ് അവര്‍.

ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഓക്ലന്‍ഡ് ആശുപത്രിയില്‍ തങ്ങളെ ശുശ്രൂഷിച്ച ടീമിനു നന്ദി പറയുന്നു എന്നു പറഞ്ഞാണ് ജസീന്ത കുഞ്ഞിനും പങ്കാളിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ടിവി അവതാരകനായ ക്ലാര്‍ക് ഗേഫോര്‍ഡ് ആണ് ജസീന്തയുടെ ജീവിത പങ്കാളി.