3 സ്ത്രീകൾ ഉൾപ്പടെ 12 പേർക്ക് താലിബാന്റെ ചാട്ടവാറടി, പഴയ ശിക്ഷാരീതികളുമായി താലിബാൻ

വ്യഭിചാരം, കവർച്ച, സ്വവർഗ്ഗ ലൈംഗികത എന്നിവ അടക്കമുള്ള ‘ധാർമ്മിക കുറ്റകൃത്യങ്ങൾ’ ചെയ്തതായി ആരോപിച്ച് അഫ്​ഗാനിസ്ഥാനിൽ മൂന്ന് സ്ത്രീകളടക്കം പന്ത്രണ്ട് പേരെ പരസ്യമായി ചാട്ടവാറിനടിച്ച് താലിബാന്റെ ക്രൂരത. അഫ്​ഗാനിസ്ഥാനിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകൾ നോക്കി നിൽക്കെയായിരുന്നു താലിബാന്റെ ശിക്ഷ നടപ്പിലാക്കൽ.

‘ധാർമ്മിക കുറ്റകൃത്യങ്ങൾ’ ചെയ്തതായി ആരോപിച്ച് പന്ത്രണ്ട് പേരെയും പരസ്യമായി ചാട്ടവാറിനടിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നവംബർ ഇത് രണ്ടാം തവണയാണ് താലിബാൻ അഫ്​ഗാനിസ്ഥാനിൽ പരസ്യമായ ശിക്ഷ നടപ്പിലാക്കുന്നത്. ഇതോടെ 1990 -കളിലെ ഭരണകാലത്തിലേക്ക് തന്നെ താലിബാൻ തിരികെ പോവുകയാണ് എന്ന ആശങ്ക വീണ്ടും ജനങ്ങളിൽ ഉണ്ടായിരിക്കുകയാണ്.

3 സ്ത്രീകളെ ശിക്ഷിച്ച ശേഷം മോചിപ്പിച്ചതായും ചില പുരുഷന്മാരെ ജയിലിൽ അടച്ചതായും അഫ്ഗാനിസ്ഥാനിലെ ലോഗർ മേഖലയിലെ താലിബാൻ വക്താവ് ഒമർ മൻസൂർ മുജാഹിദ് പറഞ്ഞു. എന്നാൽ, എത്ര പുരുഷന്മാരെയാണ് ജയിലിൽ അടച്ചത് എന്നത് വ്യക്തമാക്കിയിട്ടില്ല. ഇരുപത്തിയൊന്നിനും മുപ്പത്തിയൊമ്പതിനും ഇടയിൽ അടിയാണ് ഓരോ സ്ത്രീക്കും പുരുഷനും താലിബാൻ നൽകിയത്. 39 അടിയായിരുന്നു ഏറ്റവും കൂടുതൽ എന്നും താലിബാൻ വ്യക്തമാക്കുന്നു.

വടക്കൻ അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിലും കഴിഞ്ഞയാഴ്ച സമാനമായ സംഭവം നടന്നിരുന്നു. അവിടെ 19 പേരെ ചാട്ടവാറിനടിച്ച് ശിക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദ, ചില കുറ്റങ്ങൾക്ക് ശരിയ നിയമങ്ങൾക്കനുസൃതമായി കർശനമായ ശിക്ഷ നടപ്പിലാക്കണം എന്ന് പറഞ്ഞതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ലോ​ഗർ പ്രവിശ്യയിൽ ചാട്ടവാറിനടിച്ച് ആളുകളെ ശിക്ഷിക്കാൻ തുടങ്ങിയിരിക്കുന്നത്.

പരസ്യമായ വധശിക്ഷകൾ, അം​ഗച്ഛേദം, കല്ലെറിയൽ എന്നിവയെല്ലാം താലിബാന്റെ ശിക്ഷകളിൽ പെടും. എന്നാൽ ഏതെല്ലാം കുറ്റകൃത്യങ്ങൾക്ക് ഏതൊക്കെ ശിക്ഷ എന്നത് ഇതുവരെ താലിബാൻ വെളിപ്പെടുത്തിയിട്ടില്ല. 1996 മുതൽ 2001 വരെയുള്ള ഭരണകാലത്ത് ഇത്തരം ശിക്ഷകളും കർശനമായ ഭരണരീതികളുമാണ് താലിബാൻ നടപ്പിലാക്കി വന്നിരുന്നത്. ഇത്തവണ ഭരണത്തിൽ വരുമ്പോൾ അത് ആവർത്തിക്കില്ല എന്നാണ് താലിബാൻ നേരത്തെ പറഞ്ഞിരുന്നത്. പക്ഷേ, ആ ഭരണകാലത്തേക്ക് തന്നെ മടങ്ങിപ്പോവുന്ന രീതിയാണ് താലിബാൻ പിന്തുടരുന്നത് എന്നത് ജനങ്ങളെ തീർത്തും ആശങ്കയിലാക്കിയിരിക്കുകയാണ്.