നീന്തൽ പഠിക്കുന്നതിനിടെ പന്ത്രണ്ട് വയസ്സുകാരൻ മുങ്ങി മരിച്ചു ; സംഭവം തൃശൂരിൽ

തൃശൂർ : നീന്തൽ പഠിക്കുന്നതിനിടെ പന്ത്രണ്ട് വയസ്സുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിന്റെ മകൻ നവദേവാണ് മരിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വൈകിട്ട് പോന്നോരിലെ നീന്തൽ കുളത്തിൽ പരിശീലനത്തിനെത്തിയാതായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നവദേവ്.

നവദേവ് വർഷങ്ങളായി ഫീമോഫീലിയ രോഗത്തിന് ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി
രണ്ടാഴ്ച കൂടുമ്പോൾ ഇഞ്ചക്ഷൻ എടുത്തിരുന്നു. ഇഞ്ചക്ഷൻ എടുത്ത കുട്ടിയോട് വീട്ടിൽ വിശ്രമിക്കാൻ അമ്മ പറഞ്ഞു. എന്നാൽ ഇത് കേൾക്കാതെ കുട്ടി നീന്തൽ പഠിക്കാൻ പോകുകയായിരുന്നു. ട്യൂബിൽ കുളത്തിലിറങ്ങിയതിന് പിന്നാലെ കുട്ടിയെ കാണാതായി. ഇഞ്ചക്ഷൻ എടുത്ത ദിവസങ്ങളിൽ നവദേവിന് തളർച്ച അനുഭവപ്പെടാറുണ്ടായിരുന്നു.

ഇതാകാം വെള്ളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിത്താഴാൻ കാരണമായത്. കുട്ടിയെ കാണാതായതോടെ സഹോദരൻ മറ്റുള്ളവരെ വിവരമറിയിച്ചു. ഓടിയെത്തിയവർ വെള്ളത്തിൽ മുങ്ങിപ്പോയ നവദേവിനെ എടുത്ത് തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.എന്നാൽ ജീവൻ രക്ഷിക്കാനായില്ല.