PFI അക്കൗണ്ടിലേക്ക്120 കോടി, നിരവധി വ്യവസായികൾക്ക് പണം കിട്ടി

നിരോധിത സംഘടന പോപ്പുലര്‍ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് 120 കോടി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില വ്യവസായികളിലേക്ക് ഇത് സംബന്ധിച്ച് ഇ ഡിയുടെ അന്വേഷണം. പണം ലഭിച്ച വ്യവസായികൾ ഉൾപ്പടെ ഉള്ളവരുടെ പട്ടിക തയ്യാറാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിഎഫ്‌ഐ അക്കൗണ്ടുകളിലേക്ക് പണം എത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഉറവിടം കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. മുന്‍പ് പിഎഫ്‌ഐ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും രാജ്യവ്യാപക റെയ്ഡ് നടന്നതിന് പിറകെയും മലപ്പുറത്തേയും കോഴിക്കോട്ടേയും ചില സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. ഇപ്പോള്‍ കൂടുതല്‍ വ്യാപാരികളിലേക്കാണ് അന്വേഷണം നീളുമെന്നാണ് പുറത്ത് വരുന്ന വിവരം.

നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും വലിയ തോതില്‍ അനധികൃതമായി പണമെത്തിച്ചതില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വിപുലമാക്കി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുഴല്‍പ്പണമായും അല്ലാതെയും പിഎഫ്ഐ അക്കൗണ്ടില്‍ 120 കോടിയെത്തിയതായി ഇഡി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം എന്‍ഐഎക്കൊപ്പം ഇഡിയും അന്വേഷിക്കുകയാണ്. കൂടുതല്‍ ബിസിനസുകാര്‍ പിഎഫ്ഐ അക്കൗണ്ടിലേക്ക് പണമെത്തിക്കാന്‍ ഇടപെട്ടതായി ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടുണ്ട്. ഇതു പ്രകാരം ഇഡി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറത്തെ അബൂബക്കര്‍ പഴേടത്തിന്റെ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലും നിന്ന് ഇ ഡി സ്വര്‍ണവും പണവും പിടിച്ചെടുത്തിരുന്നു. ഇയാള്‍ക്ക് പിഎഫ്ഐയുമായി പ്രത്യക്ഷ ബന്ധമില്ലെങ്കിലും സംഘടനയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി സംശയിക്കുന്നുണ്ട്. അബൂബക്കറുമായി ബന്ധമുള്ള മറ്റു വ്യവസായികളുടെ സ്ഥാപനങ്ങളിലെ ഇഡി പരിശോധനയില്‍ സാമ്പത്തിക കാര്യങ്ങളുടെ ഫയലുകള്‍ പിടിച്ചെടുത്തിരുന്നു.

മറ്റു പലരും പിഎഫ്ഐക്ക് കള്ളപ്പണം നല്കിയിട്ടുണ്ടെന്ന സ്ഥിരീകരണത്തില്‍ അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെ കോട്ടയ്ക്കല്‍, ചങ്കുവെട്ടി, എടരിക്കോട്, രണ്ടത്താണി, പൊന്‍മള തുടങ്ങിയ സ്ഥലങ്ങളിലെ ഫര്‍ണിച്ചര്‍ ഷോപ്പ്, സ്വര്‍ണക്കടകള്‍, ട്രാവല്‍ ഏജന്‍സി എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും രേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പാലക്കാട് ബേക്കറി ഉടമയ്ക്ക് ചോദ്യം ചെയ്യലിന് ഇഡിയുടെ ദല്‍ഹി ഓഫീസിലെത്താന്‍ നോട്ടീസ് നല്കിയിട്ടുണ്ട്.

കോഴിക്കോടു നിന്ന് അറസ്റ്റ് ചെയ്ത പിഎഫ്ഐ നേതാവ് മുഹമ്മദ് ഷെഫീഖിനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ ഇപ്പോൾ നടക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും 2020 ഫെബ്രുവരിയിലെ ദല്‍ഹി കലാപത്തിനും 120 കോടി ഉപയോഗിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്ത സമയങ്ങളിലൊക്കെ പോപ്പുലര്‍ഫ്രണ്ട് അക്കൗണ്ടുകളിലേക്ക് പണം എത്തി. പൗരത്വ ബില്ലിനെതിരായ കലാപത്തിലും, കര്‍ഷക സമരത്തിലും, കര്‍ണ്ണാടകയിലെ ഹിജാബ് പ്രതിഷേധ സമയത്തുമൊക്കെ പിഎഫ്‌ഐക്ക് പണം എത്തിയിട്ടുണ്ട്. ആരൊക്കെയാണ് ഈ ഫണ്ടിങ് നടത്തുന്നത്, ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇഡിക്കുള്ളത്. പിഎഫ്‌ഐയില്‍ വീണ്ടും കേരളത്തില്‍ അന്വേഷണം മുറുകുമ്പോള്‍, സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.

പോപ്പുലര്‍ഫ്രണ്ടിനേക്കുറിച്ച് മുന്‍പ് പലതവണ കേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ് നല്‍കിയിട്ടുള്ളതാണ്. അന്നൊന്നും വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഏതായാലും പിഎഫ്‌ഐക്ക് കൂടുതല്‍ പണികള്‍ കേന്ദ്രം വക കിട്ടാന്‍ പോകുന്നു എന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. നേതാക്കന്മാരെയൊക്കെ ഇനി വെളിച്ചം കാണാനാകാത്ത വിധം പൂട്ടും. രാജ്യദ്രോഹത്തിന് പണമെത്തിയെന്നതില്‍ തെളിവുകള്‍ കൂടുതല്‍ ലഭിച്ചാല്‍ കേരളത്തില്‍ നിന്ന് എന്‍ഐഎ പൊക്കിക്കോണ്ട് പോയ നേതാക്കന്മാര്‍ക്കൊക്ക ശിഷ്ടംകാലം അഴിക്കുള്ളില്‍ തന്നെ കഴിയേണ്ടതായി വരും.