ലഹരിമരുന്ന് പിടികൂടാന്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന, മൂന്ന് പേരില്‍ നിന്നും പിടിച്ചത് 125 ഗ്രാം എംഡിഎംഎ

തിരുവനന്തപുരം. എക്‌സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ലഹരിമരുന്ന് പിടികൂടാനായി തിരുവനന്തപുരത്ത് വ്യാപക പരിശോധന. തിരുവനന്തപുരം നഗരത്തില്‍ മൂന്ന് യുവാക്കളില്‍ നിന്ന് 125 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവും പിടികൂടി.

ജില്ലയിലെ വിവധ ഭാഗങ്ങളിലും അമരവിള ചെക്ക് പോസ്റ്റിലും പരിശോധന തുടരുകയാണ്. എംഡിഎംഎയുമായി ശാസ്തമംഗലം ശ്രീജിത്ത്, രാഹുല്‍ പ്രാവച്ചമ്പലം സ്വദേശി വിഷ്ണു എന്നിവരെ പിടികൂടി. ശാസ്തമംഗലം സ്വദേശികളില്‍ നിന്ന് 109 ഗ്രാം എംഡിഎംഎയും പ്രാവച്ചമ്പലം സ്വദേശിയില്‍ നിന്ന് 15 ഗ്രാം എംഡിഎംഎയും പിടികൂടിയത്.

യുവാക്കള്‍ എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച ബൈക്കും സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പിടിയിലായവര്‍ ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചത്. അതേസമയം അരുവിക്കരയിലെ വാടക വീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശി മഹേഷിനെ കസ്റ്റഡിയില്‍ എടുത്തു.