ടിപി വധത്തിന് 12 വയസ്, വർഷങ്ങൾ പിന്നിടുമ്പോഴും പുറത്തുവരാതെ ഗൂഢാലോചന

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്നേയ്ക്ക് 12 വർഷം. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും. സിപിഐഎമ്മിനെ ഇത്രത്തോളം പ്രതിരോധത്തിലാക്കിയ മറ്റൊരു രാഷ്ട്രീയ കൊലപാതകമില്ല. ഇപ്പോൾ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ടിപി വധം ചർച്ചയായി. 2012 മെയ് 4നാണ് വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമികൾ ടിപിയെ വെട്ടിക്കൊലപ്പെടുത്തിയത്.

വെട്ടേറ്റ 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിൽ കൊലപാതകരാഷ്ട്രീയം ടിപിയുടെ പേരിൽ ചോദ്യം ചെയ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം വ്യാപകമായി ഉയർന്നു. സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ൽ പാർട്ടി വിടുകയും റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു.

വളരെ ജനസമ്മതനായിരുന്ന ചന്ദ്രശേഖരന്റെ നീക്കം സിപിഐഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചു. ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഐഎമ്മിന് നഷ്ടമായി. ഇതോടെ ചന്ദ്രശേഖരന്റെ വധത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം കൂടുതൽ ശക്തിപ്പെട്ടു. ആർഎംപിയുടെ രൂപീകരണ ശേഷം കൈവിട്ട മണ്ഡലം തിരികെ പിടിക്കാൻ വടകരയിൽ സിപിഎം കെ കെ ശൈലജയ്ക്ക് ആദ്യം നേരിടേണ്ടി വന്നതും ടിപിയുടെ രാഷ്ട്രീയമുയർത്തിയ വെല്ലുവിളി തന്നെ. വടകരയിലെ യഥാർത്ഥ ടീച്ചറമ്മ ആരെന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചോദ്യം ടിപിയെ കൂടുതല്‍ ചര്‍ച്ചയാക്കി.

വിചാരണ കോടതി വിട്ടയച്ച ജ്യോതി ബാബുവിനെയും കൃഷ്ണനെയും കുറ്റക്കാരൻ എന്ന കണ്ടെത്തി ഹൈക്കോടതി ശിക്ഷാവിധിച്ചത് ടിപി വധ ഗൂഢാലോചനയെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാവശ്യത്തിന് ശക്തി പകർന്നിട്ടുണ്ട്. ഗൂഢാലോചന കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.