മൂത്രമൊഴിച്ചിട്ട് 14 മാസമായി, അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം ബാധിച്ച് ഒരു  യുവതി

ഒരു വര്‍ഷത്തിലേറെയായി മൂത്രമൊഴിക്കാന്‍ കഴിയാതെ ഒരു യുവതി. യുകെയിലെ പ്രശസ്ത കണ്ടന്റ് ക്രീറ്ററായ എല്ലെ ആഡംസ് ആണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം ബാധിച്ച് ഒരു വര്‍ഷത്തോളം ജീവിതത്തില്‍ ഏറെ പ്രയാസങ്ങള്‍ നേരിവേണ്ടി വന്നത്. എല്ലെ ആഡംസിന് മൂത്രമൊഴിക്കാന്‍ സാധിക്കാതെ വരുന്നത് 2020 ലാണ്. ഒക്ടോബര്‍ രണ്ടിന് ഉറക്കമെണീറ്റ എല്ലെ ആഡംസിന് മൂത്രമൊഴിക്കാന്‍ സാധിച്ചില്ല.

എത്ര വെള്ളം കുടിച്ചാലും മൂത്രമൊഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലെ ആഡംസിന് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ടോയ്ലറ്റില്‍ പോകുന്നത് പോലെയുള്ള ലളിതമായ ജോലി പൂര്‍ത്തിയാക്കാന്‍ പോലും അവർക്ക് ആ ദിവസങ്ങളില്‍ സാധിച്ചിരുന്നില്ല. വൈകാതെ ആഡംസ് ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ തന്റെ പ്രശ്‌നവുമായി എത്തുകയായിരുന്നു.

ഡോക്ടര്‍മാര്‍ മൂത്രം കളയാന്‍ മൂത്രാശയത്തിലേക്ക് കത്തീറ്റര്‍ ട്യൂബ് ആഡംസിന് ഘടിപ്പിച്ചു നോക്കി. എന്നാല്‍ അതുകൊണ്ടും എല്ലെ ആഡംസിന്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. കത്തീറ്റര്‍ ഉപയോഗിക്കേണ്ട രീതിയെല്ലാം ഇക്കാലയളവില്‍ എല്ലെ ആഡംസ് പഠിച്ചിരുന്നെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ അവിടേയും അവസാനിച്ചില്ല. ഒരു വര്‍ഷത്തിലേറെയായി മൂത്രമൊഴിക്കാന്‍ ഉപകരണം ഉപയോഗിക്കുന്നത് ആഡംസ് തുടര്‍ന്നു വന്നു.

14 മാസങ്ങള്‍ക്കും നിരവധി പരിശോധനകളിൽ പിന്നെ ആഡംസിന്റെ രോഗമെന്താണ് എന്ന് കണ്ടെത്തി. ഫൗളേഴ്സ് സിന്‍ഡ്രോം എന്ന രോഗമായിരുന്നു ആഡംസിന് ഉണ്ടായിരുന്നത്. മൂത്രസഞ്ചി ശൂന്യമാക്കാന്‍ സാധിക്കാതെ വരുന്നതിനെ ആണ് ഫൗളേഴ്സ് സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. ഈ അപൂര്‍വമായ ദുരവസ്ഥ പ്രധാനമായും യുവതികളെ ആണ് ബാധിക്കാറുള്ളത്. എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

മൂത്രസഞ്ചി സംബന്ധിയായ പ്രശ്‌നങ്ങള്‍, മലവിസര്‍ജ്ജനം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സഹായിക്കുന്ന ചികിത്സയായ സാക്രല്‍ നെര്‍വ് സ്റ്റിമുലേഷന് വിധേയയാകാന്‍ ആഡംസ് ഒടുവിൽ തീരുമാനിക്കുകയായിരുന്നു. മൂത്രസഞ്ചിയുടെ പേസ്മേക്കറായി പ്രവര്‍ത്തിക്കുന്ന ഈ എസ് എന്‍ എസ് മൂത്രാശയത്തെയും കുടലിനെയും നിയന്ത്രിക്കുന്ന ടെയില്‍ബോണിനടുത്തുള്ള സാക്രല്‍ ഞരമ്പുകള്‍ക്ക് സമീപം തിരുകിയ നേര്‍ത്ത താല്‍ക്കാലിക വയര്‍ വഴി നാഡികള്‍ക്ക് ഉത്തേജനം നല്‍കുണ്ണ ചികിത്സയാണിത്.

ഇത് കുടല്‍ പേശികളെ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും. 2023 വര്‍ഷം ജനുവരിയില്‍ ആണ് ഈ ശസ്ത്രക്രിയയ്ക്ക് ആഡംസ് വിധേയാവുന്നത്. ഇപ്പോള്‍ താന്‍ കത്തീറ്ററൈസ് ചെയ്യുന്നത് 50 % കുറഞ്ഞു എന്നും രണ്ട് വര്‍ഷത്തിന് ശേഷം ഇത് തന്റെ ജീവിതം എളുപ്പമാക്കിയെന്നും ആഡംസ് ഒരു മാധ്യമത്തോട് പറഞ്ഞിരിക്കുന്നു. കഴിഞ്ഞ കാലത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും പേടി തോന്നുന്നു – ആഡംസ് പറയുന്നു.