ഓൺലൈൻ വഴി ജോലി വാ​ഗ്ദാനം ചെയ്ത് വിമുക്തഭടനിൽ‍ നിന്ന് 18 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിമുക്തഭടനിൽ‍ നിന്ന് 18 ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. എറണാംകുളം സ്വദേശിയായ പോൾസൺ ജോസ് എന്നയാളെ പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുകളുടെ സ്റ്റാർ റേറ്റിംഗ് ചെയ്ത് പണമുണ്ടാക്കാമെന്ന് വാട്സാപ്പ് സന്ദേശം അയച്ചാണ് വിമുക്തഭടനിൽ‍ നിന്ന് പണം തട്ടിയത്.

പല തവണകളായി 18,76,000 രൂപയാണ് തട്ടിയെടുത്തത്. കേസിൽ തട്ടിപ്പ് ശൃംഖലയിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തയാളാണ് അറസ്റ്റ് ചെയ്ത പോൾസൺ. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരം തട്ടിപ്പ് സംഘത്തിന് കൈമാറി സൈബർ തട്ടിപ്പുകളിലൂടെ അക്കൗണ്ടിലെത്തുന്ന പണം ചെക്ക് വഴി പിൻവലിച്ച് കൈമാറ്റം നടത്തി കമ്മീഷൻ കൈപ്പറ്റലാണ് തട്ടിപ്പിന്റെ രീതി. ഇയാളുടെ രണ്ട് അക്കൗണ്ടിലൂടെ തന്നെ 14 ലക്ഷത്തോളം രൂപ ചെക്ക് വഴി പിൻവലിച്ച് പണം വിതരണം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം ഉദ്യോ​ഗസ്ഥൻമാരായ രാജേഷ്, അനൂപ് മോൻ പിഡി, മനേഷ് എം, ജോഷി എപി, സുജിത്ത്, ഉല്ലാസ്, ശിഹാബുദ്ധീൻ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 1930 –ൽ വിളിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി ഉടൻതന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.