ഡോക്ടർക്ക് ചവിട്ട്, നഴ്‌സിന്റെ മുഖത്തടിച്ചു, ആശുപത്രിയിൽ രോഗിയുടെ പരാക്രമം

ഏലപ്പാറ : ആശുപത്രിയിൽ ചികിത്സ തേടി എത്തിയയാൾ ഡോക്ടറെ ചവിട്ടി വീഴ്ത്തിയതായി പരാതി. ഡോക്ടറെ ആക്രമിച്ചത് കൂടാതെ നഴ്‌സിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ് (53), നഴ്സ് അലോൻസിയ (27) എന്നിവർക്കാണ് മർദ്ദനമേറ്റത്.

കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞാണ് ആൾ ആശുപത്രിയിലെത്തിയത്. പരിശോധിച്ചപ്പോൾ എക്സ് റേ ആവശ്യമാണെന്നും അതിനുള്ള സൗകര്യം ഇവിടില്ലെന്നും ഡോക്ടർ പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു ഇയാൾ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. എക്സ് റേ സൗകര്യം ഇല്ലെന്ന് പറഞ്ഞതോടെ ഇയാൾ പുറത്തു പോയി.

അൽപനേരം കഴിഞ്ഞ് ഡോക്ടറുടെ ക്യാബിനിൽ തിരിച്ചെത്തിയ ഇയാൾ ക്യാബിൻ അടച്ചിട്ട ശേഷം ഡോക്ടറെ അസഭ്യം പറഞ്ഞു. ക്യാബിനിൽ എത്തിയ നേഴ്‌സിന്റെ മുഖത്ത് അടിച്ചുവെന്നും തടയാൻ ശ്രമിച്ച ഡോക്ടറെ ചവിട്ടിയെന്നുമാണ് പരാതി. ഇരുവരും പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.