ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു, തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടുപോകാൻ എത്തിയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

മഹാഡിലെ താത്ക്കാലിക ഹെലിപാഡിൽ രാവിലെ ഒൻപതരയോടെ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. ലാൻഡിംഗിനിടെ തെന്നിമാറിയ ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് വീണു. വലിയ ശബ്ദത്തിനൊപ്പം പ്രദേശത്താകെ പൊടിപടലവും നിറഞ്ഞു. പൈലറ്റുമാർ ഹെലികോപ്റ്ററിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇരുവർക്കും പരിക്കുണ്ട്. പൊലീസും രക്ഷാദൌത്യ സംഘവും ഉടനെ സംഭവ സ്ഥലത്തെത്തി.

ബാരാമതിയിലെ എൻസിപി സ്ഥാനാർഥി സുപ്രിയ സുലെയുടെ പ്രചാരണത്തിന് പോകാനായിട്ടായിരുന്നു സുഷമാ ആന്ധരെ ഹെലികോപ്ടർ എത്തിച്ചത്. അപകട സമയത്ത് നേതാക്കളാരും കോപ്റ്ററിലുണ്ടായിരുന്നില്ല. ഹെലികോപ്റ്റർ പൂർണമായും തകർന്നു.