തൃണമൂലില്‍ ചേരാന്‍ നിരാഹാര സമരം; ബീര്‍ഭൂമില്‍ മുന്നൂറോളം ബിജെപി പ്രവര്‍ത്തകരെ ഗംഗാജലം തളിച്ച്‌ സ്വീകരിച്ചു

കൊല്‍ക്കത്ത: പാര്‍ട്ടിയിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ബീര്‍ഭൂമിലെ തങ്ങളുടെ ഓഫീസിനു മുന്നില്‍ നിരാഹാര സമരം നടത്തിയ മുന്നൂറോളം ബി.ജെ.പി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍​ഗ്രസ് (ടി.എം.സി) സ്വീകരിച്ചു. മലിനമായ അവരുടെ മനസുകള്‍ ശുദ്ധിയാക്കാനെന്ന പേരില്‍ ​ഗംഗാജലം തളിച്ചാണ് പ്രവര്‍ത്തകരെ നേതാക്കള്‍ സ്വീകരിച്ചത്. ബംഗാളില്‍ മമത ബാനര്‍ജി വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ ടി.എം.സിയിലേക്ക് മടങ്ങാന്‍ താത്പര്യപെട്ടവരുടെ പ്രതിഷേധ പരമ്ബരയിലെ ഏറ്റവും പുതിയ സംഭവമാണ് ഇതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടി.എം.സിയില്‍ തിരിച്ചെടുക്കണമെന്നാണ് തങ്ങള്‍ ആ​ഗ്രഹിക്കുന്നതെന്ന് സമരം ചെയ്തവരില്‍ ഒരാളായ അശോക് മൊന്‍ഡാള്‍ പറഞ്ഞു. ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഞങ്ങളുടെ ​ഗ്രാമത്തിന്റെ വികസനം സ്തംഭിച്ചു. നിരന്തരമായ ബി.ജെ.പിയുടെ പ്രതിഷേധങ്ങള്‍ ​ഗുണത്താലേറെ ദോഷം ചെയ്തു. തങ്ങളെ തിരിച്ചെടുക്കും വരെ സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിടെ എട്ടിന് ആരംഭിച്ച സമരം പതിനൊന്ന് മണിക്ക് ​ഗം​ഗാജലം തളിച്ച്‌ പ്രവര്‍ത്തകരെ തൃണമൂല്‍ സ്വീകരിച്ചതോടെ അവസാനിച്ചു.

പ്രവര്‍ത്തകര്‍ക്ക് ടി.എം.സി പഞ്ചായത്ത് പ്രധാന്‍ തുഷാര്‍ കാന്തി മൊണ്ഡാല്‍ പാര്‍ട്ടി പതാക കെെമാറി. ഇവര്‍ കഴിഞ്ഞ രണ്ടു ദിവസമായി പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്ന് അവര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ധര്‍ണയില്‍ ഇരുന്നു, തിരികെ കൊണ്ടുപോകണമെന്ന് അഭ്യര്‍ത്ഥിച്ചു. ഞാന്‍ ഞങ്ങളുടെ നേതാക്കളുമായി സംസാരിക്കുകയും അവരെ വീണ്ടും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായും തുഷാര്‍ വ്യക്തമാക്കി.

ബി.ജെ.പി ഒരു സാമുദായിക പാര്‍ട്ടിയാണ്. അവരുടെ വിഷ ചിന്തകള്‍ അവരുടെ മനസിലേക്ക് കടത്തിവിടുകയും അവരുടെ മാനസമാധാനം നശിപ്പിക്കുകയും ചെയ്തു. അതിനാല്‍ എല്ലാ അശാന്തികളില്‍ നിന്നും രക്ഷനേടാന്‍ ​ഗം​ഗാജലം അവരുടെ മേല്‍ തളിച്ചു. ഇത് അവരുടെ ശുദ്ധീകരണത്തിനുവേണ്ടിയല്ല, മറിച്ച്‌ ബി.ജെ.പി മലിനമാക്കിയ അവരുടെ മനസിനെ ശുദ്ധീകരിക്കുന്നതിനാണെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഇതെല്ലാം നാടകമാണെന്ന് ഒരു ബി.ജെ.പി നേതാവ് പ്രതികരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലായിടത്തും ബി.ജെ.പി പ്രവര്‍ത്തകരും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരും തൃണമൂലില്‍ ചേരാന്‍ നിര്‍ബന്ധിതരാകുന്നു. വോട്ടെടുപ്പിന് ശേഷം ആക്രമങ്ങളൊന്നുമില്ലെന്ന് കാണിക്കുന്നതിനാണ് ഇത്തരം നാടകം ക്രമീകരിച്ചിരിക്കുന്നത്. ചില മേഖലകളില്‍ സ്ഥിതി വളരെ അപകടകരമാണ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് തൃണമൂലില്‍ ചേരുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം പറയുന്നു. ബി.ജെ.പി നേതാവ് പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്തതിനാല്‍ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.