ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്: ‘യുദ്ധം 80ഉം 20ഉം തമ്മിൽ’; ഹിന്ദു-മുസ്ലിം അനുപാതം സൂചിപ്പിച്ചു യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് 80:20 അനുപാതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ മതപരമായി വിഭജിക്കുന്ന പരാമർശമാണ് യുപിയിലെ ഹിന്ദു-മുസ്ലിം അനുപാതത്തെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം നടത്തിയിരിക്കുന്നത്.

സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് യോഗി ആദിത്യനാഥിനോട് യുപിയിലെ ബ്രാഹ്മണ വോട്ടുകളെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. “മത്സരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോൾ 80 നും 20 നും ഇടയിലാണ്” അദ്ദേഹം മറുപടി നൽകി.

“80 ശതമാനവും ദേശീയത, സദ്ഭരണം, വികസനം ഇവയെ പിന്തുണയ്ക്കുന്നവരാണ്. ഇവർ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ഇതിനെ എതിർക്കുന്നവർ മാഫിയ, ക്രിമിനലുകൾ, കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്ക് വോട്ട് നൽകും. ഈ 80-20 പോരാട്ടത്തിൽ, താമരയാണ് വഴി കാണിക്കുന്നത്” ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.