സംസ്ഥാനത്ത് ​ഗുണ്ടകൾ 8745 പേർ; കൂടുതൽ പേർ കോട്ടയത്ത്

തിരുവനന്തപുരം. സംസ്ഥാനത്ത് സാമൂഹിക വിരുദ്ധരും സജീവ ഗുണ്ടകളുമായി 8745 പേർ ഉണ്ടെന്നു പൊലീസ് കണക്ക്. പുതുതായി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയ 1392 പേരടക്കമാണ് കണക്ക്. കൂടുതൽ പേർ കോട്ടയത്താണ് 1433. തിരുവനന്തപുരം നഗരമാണ് രണ്ടാമത്. ഇവരെ പിടിക്കാൻ സംസ്ഥാനത്താകെ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന പൊലീസുകാർ 20000 ൽ താഴെ.

പഴയ അക്രമക്കേസുകളിൽ ഉൾപ്പെട്ട 2893 ഗുണ്ടകളെ ഇനിയും പിടിച്ചിട്ടില്ല. ഇതിൽ 629 പേർ തലസ്ഥാന നഗരത്തിലാണ്. സംസ്ഥാന ഇന്റലിജൻസ് കണക്കിൽ ഗുണ്ടകളും സാമൂഹികവിരുദ്ധരും 15000 ൽ ഏറെയാണ്. സ്റ്റേഷനുകളിൽ പൊലീസിന്റെ അംഗസംഖ്യ കുറവാണ്. ഇവരിൽത്തന്നെ കുറേ പേരെ മേലുദ്യോഗസ്ഥരുടെ ഓഫിസുകളിലെ ജോലിക്കും മറ്റും ഉപയോഗിക്കുന്നു.

ബാക്കിയുള്ളവർ സായുധസേനയിലും വിജിലൻസ്, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് തുടങ്ങിയ സ്പെഷൽ യൂണിറ്റുകളിലുമാണ്. പുറത്തുള്ള ഗുണ്ടകളെ നിരീക്ഷിക്കാൻ പോലും ഇപ്പോൾ ആളില്ല. സ്റ്റേഷനിലെ പല ജോലിക്കിടയിൽ ഗുണ്ടകളെ പിടിക്കാൻ ആരെ നിയോഗിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ.

പിടിയിലാകുന്നവരെ മേലുദ്യോഗസ്ഥരോ രാഷ്ട്രീയ നേതൃത്വമോ ഇടപെട്ടു പറഞ്ഞുവിടുന്നതും പതിവാണ്. മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ഇടിച്ചു കിണറ്റിലിട്ട സംഭവത്തിൽ ഏതാനും പേർക്കെതിരെ നടപടിയെടുത്തു മുഖം രക്ഷിക്കുന്നതോടെ ഗുണ്ടാവേട്ട അവസാനിപ്പിക്കാനാണ് സാധ്യത.