ചിന്നക്കനാലിൽ പരാക്രമം തുടർന്ന് ചക്കക്കൊമ്പൻ, ജനവാസ മേഖലയിൽ ഇറങ്ങി പടയപ്പ

ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമിറങ്ങി. ജനവാസ മേഖലയ്ക്ക് സമീപം തുടരുന്ന പടയപ്പയെ ആർആർടി സംഘം നിരീക്ഷിക്കുകയാണ്. സിങ്കുകണ്ടത്ത് ഇറങ്ങിയ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്‌ക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആന ആക്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

മേയുകയായിരുന്ന പശുവിന്റെ സമീപത്തേക്ക് ചക്കക്കൊമ്പൻ വരികയും വിരണ്ടോടിയ പശുവിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പശുവിന്റെ നടുവൊടിഞ്ഞു. ചക്കക്കൊമ്പനെ കണ്ട സരസമ്മ ഓടിരക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. പരാതിപ്പെട്ടിട്ടും ചിന്നക്കനാലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു.

മേഖലയിലെ പുൽമേടുകളിൽ കഴിഞ്ഞ ഒരു മാസമായി വ്യാപകമായി തീപിടിത്തം ഉണ്ടാകാറുണ്ട്. തീപിടിത്തത്തിന് പിന്നിൽ ആരെന്ന് അറിയില്ലെന്നാണു വനംവകുപ്പിന്റെ നിലപാട്. എന്നാൽ തീ കൊടുക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്നാണു നാട്ടുകാരുടെ ആരോപണം.