പാചക വാതക സിലിണ്ടര്‍ കയറ്റിയെത്തിയ ലോറിക്ക് തീ പിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

കോട്ടയം. തോട്ടയ്ക്കാട് പാചക വാതക സിലിണ്ടര്‍ കയറ്റിയെത്തിയ ലോറിക്ക് തീ പിടിച്ച്, ഒഴിവായത് വന്‍ ദുരന്തം. വ്യാഴാഴ്ച്ച രാവിലെ പതിനൊന്നരയോടെ, തോട്ടയ്ക്കാട് ജങ്ഷനിലാണ് സംഭവം. മല്ലപ്പള്ളിയില്‍ നിന്നു സിലിണ്ടറുകളുമായി എറണാകുളത്തേക്ക്പോകുകയായിരുന്നു ലോറി. ലോറിയില്‍, രണ്ടെണ്ണമൊഴികെ യുള്ള സിലിണ്ടറുകളെല്ലാം കാലിയായിരുന്നു. സിലിണ്ടറുകളിലേക്കു തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്.

മല്ലപ്പള്ളിയിലെ ഏജന്‍സിയില്‍ നിന്നു ഇന്ത്യൻ കമ്പനിയുടെ സിലിണ്ടറുകളുമായി പോകുകയായിരുന്നു ലോറി. പരാതിയെത്തുടര്‍ന്നു തിരികെ ലഭിച്ചതായിരുന്നു പാചക വാതകമുണ്ടായിരുന്ന രണ്ടു സിലിണ്ടറുകള്‍. ഇത്തരം സിലിണ്ടറുകള്‍ കോര്‍പ്പറേഷന്‍ മാറ്റി നല്‍കാറുണ്ട്. ലോറി തോട്ടയ്ക്കാട്ട് എത്തിയപ്പോള്‍ തനിയെ നിന്നു. ഡ്രൈവര്‍ പാലാ സ്വദേശിയായ മനോജ് ലോറി വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ കാബിനില്‍ നിന്നു തീ ഉയരുകയായിരുന്നു. ഭയന്ന ഡ്രൈവര്‍ പുറത്തേയ്ക്കു ചാടി രക്ഷപ്പെട്ടു. പിന്നാലെ, കാബിനില്‍ തീ വ്യാപിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തി ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.

പിന്നാലെ, പാമ്പാടി, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ലോറിയുടെ മുമ്പിലെ രണ്ടു ടയറുകളും ആദ്യം തന്നെ കത്തിയതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. അരമണിക്കൂറിലേറെ, അഗ്നിശമന സേനയുടെ മൂന്നു യൂണിറ്റുകള്‍ പരിശ്രമിച്ച ശേഷമാണ് തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ ആയത്.

ഒരു മണിക്കൂറിലേറെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി കത്തിയമര്‍ന്നു. അഗ്നിശമന സേനാ പാമ്പാടി സ്‌റ്റേഷന്‍ ഓഫീസർ വി.വി. ശ്രീകുമാര്‍, കോട്ടയം സ്‌റ്റേഷന്‍ ഓഫീസര്‍ വിഷ്ണു മധു, ചങ്ങനാശേരി അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ വി.സാബു, പാമ്പാടി അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എ.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു തീയണച്ചത്.