യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തി, പ്രതി പിടിയിൽ

ഇടുക്കി : ഉടുമ്പൻ ചോലയിൽ യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തി. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. പാറയ്‌ക്കൽ ഷീലയെ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ അയൽവാസിയായ ശശിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ആക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, കോഴിക്കോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ബൈക്ക് യാത്രികരായ പാലക്കാട് സ്വദേശികളാണ് മരിച്ചത്. കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇന്ന് പുലർച്ചെ 4.50-ഓടെയായിരുന്നു സംഭവം. മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി, ഫർസാൻ സലാം എന്നിവരാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. പെരിന്തൽ മണ്ണ തൂത സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കാലിൽ കടിയേറ്റത്.