ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ, പന്തളം സ്വദേശി ആകാശ് ശശിധരൻ, പുനലൂർ സ്വദേശി സാജൻ ജോർജ്ജ് എന്നിവരുടെ സംസ്കാരമാണ് ഇന്ന് പൂർത്തിയായത്.

രാവിലെ എട്ടുമണിയോടെയാണ് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്നും ലൂക്കോസിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചത്. മൂന്നര മണിക്കൂറോളം നീണ്ട പൊതുദർശനത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു.

കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. മക്കളായ ആശ്വിൻ, ആദിഷ് എന്നിവർ ചിതയ്ക്ക് തീ കൊളുത്തി. രാവിലെ 8 മണി മുതൽ കുറുവയിലെ കരാറിനകം ബാങ്ക് പരിസരത്തായിരുന്നു പൊതുദർശനം. കുടുംബാംഗങ്ങൾക്ക് കാണാനായി പിന്നീട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്നായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്തിയത്.

പന്തളം സ്വദേശി ആകാശ് ശശിധരന്റെ മുഖം പോലും ബന്ധുക്കൾക്ക് കാണാൻ കഴിയാത്ത ദുഃഖകരമായ സാഹചര്യമായിരുന്നു. പത്തരയോടെ മൃതദേഹം മുടിയൂർക്കോണത്തെ വീട്ടിലെത്തിച്ചു. അമ്മയും സഹോദരിയും അടക്കം ഉറ്റബന്ധുക്കൾക്ക് കാണുന്നതിനായി ആദ്യം വീടിനുള്ളിലേക്ക്. ഏക പ്രതീക്ഷയായിരുന്ന മകന്റെ ചലനമറ്റ ശരീരം കണ്ട് തളർന്നു പോയ അമ്മ ശോഭനകുമാരിയെ ആശ്വസിപ്പിക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കൾ. പൊള്ളൽ ഏറ്റതിനാൽ മൊബൈൽ മോർച്ചറിയിൽ ആയിരുന്നു പൊതുദർശനം. മുഖം മറച്ചിരുന്നതിനാൽ അവസാനമായി ആകാശിന്റെ മുഖം പോലും കാണാൻ കുടുംബത്തിന് കഴിഞ്ഞില്ല. പൊതുദർശനത്തിനുശേഷം നീണ്ടകാലത്തെ ആഗ്രഹത്തിനുശേഷം ആകാശ് നിർമ്മിച്ച വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിലേക്ക്.

പുനലൂർ സ്വദേശി സാജൻ ജോർജ്ജിന് പുനലൂർ ബേഥേൽ മാർത്തോമ്മ പള്ളിയിലെ കുടുംബക്കല്ലറയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. സാജന്റെ ഏകസഹോദരി ആൻസി വിദേശത്ത് നിന്ന് എത്താനുള്ളത് കൊണ്ടായിരുന്നു സംസ്കാരച്ചടങ്ങ്ഇന്നത്തേക്ക് മാറ്റിവച്ചത്.