ഡൽഹി മദ്യനയ അഴിമതി, ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി എം.പി സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 6.30ഓടെ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ജയ് സിങ്ങിന്‍റെ വസതിയിലെത്തി പരിശോധനയും ചോദ്യം ചെയ്യലും ആരംഭിച്ചിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മദ്യ നയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ പരിചയപ്പെട്ടത് സഞ്ജയ് സിങ് വഴിയായിരുന്നെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ദിനേശ് അറോറ മൊഴി നൽകിയിരുന്നു. അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ചക്കും സഹായിച്ചത് സഞ്ജയ് സിങ് ആണെന്നും ദിനേശ് അറോറയുടെ മൊഴി ഉണ്ടായിരുന്നു. കേസിൽപെട്ട എ.എ.പി നേതാവും മുൻഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്.

മനീഷ് സിസോദിയ അടക്കം മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. സിസോദിയയുടെ 53 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി പിടിച്ചെടുത്തിരുന്നത്.