ബിഗ്‌ബോസ് സീസണ്‍ മൂന്നില്‍ ഈ രണ്ട് പേരെ കാണാന്‍ താത്പര്യമുണ്ട്, അഭിരാമി പറയുന്നു

ബീഗ്‌ബോസ് മലയാളം മൂന്നാം സീസണിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കോവിഡ് കാരണം രണ്ടാം സീസണ്‍ പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടതായി വന്നിരുന്നു. മൂന്നാം സീസണ്‍ ആരംഭിക്കാനിരിക്കെ ആരൊക്കെയാവും ഷോയില്‍ ഉണ്ടാവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. രണ്ടാം സീസണിലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു അഭിരാമി ഷോയിലേക്ക് എത്തിയത്.

ഷോ പാതി വഴിയില്‍ നിര്‍ത്തുമ്പോള്‍ ഇരുവരും ശക്തമായ മത്സരം കാഴ്ചവയ്ക്കുകയായിരുന്നു. പരിപാടി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്നാണ് അഭിരാമി പറയുന്നത്. അതേസമയം പരിപാടി നിര്‍ത്തേണ്ടത് ആ സമയത്തിന്റെ ആവശ്യമായിരുന്നു. ഇനിയൊരു അവസരം ലഭിക്കുകയാണെങ്കിലും ബിഗ് ബോസില്‍ പങ്കെടുക്കുമെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അഭിരാമി പറഞ്ഞു.

സഹിഷ്ണുതയും ക്ഷമയുമാണ് താന്‍ ബിഗ് ബോസില്‍ നിന്നും പഠിച്ചത്. അതുപോലൊരു അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ ആരും കരുത്തരാകും. ഷോ കാരണം താന്‍ കൂടുതല്‍ നല്ലൊരു വ്യക്തിയായി മാറി. ഷോയില്‍ ആരൊക്കെയുണ്ടാകും എന്ന് അറിയാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികളായി രണ്ട് പേരെ കാണാന്‍ ആഗ്രഹമുണ്ട്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാവ് വിജയ് ബാബുവുമാണ് അവര്‍ രണ്ട് പേര്‍. രണ്ടുപേരും തന്‌റെ അടുത്ത സുഹൃത്തുക്കളാണ്. ഒരാള്‍ തന്റെ ആശയങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്നയാളാണ്. അതേസമയം മറ്റേയാള്‍ തന്റെ ആശയം എന്താണെന്ന് കാണിച്ചു തരും, എടുക്കണോ വേണ്ടയോ എന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാം.

പുതിയ സീസണില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ ആത്മാര്‍ത്ഥമായി പെരുമാറുക. നേരത്തെ പ്ലാനുകള്‍ തയ്യാറാക്കി പോകരുത്. എത്ര ശ്രമിച്ചാലും ഫെയ്ക്ക് ആയിരിക്കാന്‍ അവിടെ സാധിക്കില്ല. എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല.-അഭിരാമി പറഞ്ഞു.