അച്ഛന്റെ അവസാന നിമിഷങ്ങൾ‌ പങ്കിട്ട് അഭിരാമി സുരേഷ്

അമൃത സുരേഷിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. കഴിഞ്ഞ ദിവസമാണ് അമൃതയുടെ അച്ഛനും പ്രശസ്ത ഓടക്കുഴൽ കലാകാരനുമായ പി.ആർ.സുരേഷ് (60) അന്തരിച്ചത്. അമൃതയും അഭിരാമിയും ആണ് അച്ഛന്റെ ചടങ്ങുകൾ നടത്തിയത്. സുരേഷിന്റെ പ്രിയപ്പെട്ട ഓടക്കുഴൽ സമീപത്ത് വെച്ചാണ് അമൃതയും സഹോദരി അഭിരാമിയും ചേർന്ന് അന്ത്യകർമങ്ങൾ നിർവഹിച്ചത്.

ഇപ്പോഴിത അച്ഛന് വിടപറഞ്ഞിട്ട് രണ്ട് ദിവസം പിന്നിടവെ അച്ഛനൊപ്പമുള്ള അവസാന നിമിഷങ്ങളുടെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ആശുപത്രിയിൽ അത്യാസന്ന നിലയിൽ അച്ഛൻ കഴിഞ്ഞപ്പോഴുള്ള ചിത്രമാണ് അഭിരാമി സുരേഷ് പങ്കുവെച്ചത്. അച്ഛന്റെ കൈകൾ വളരെ സ്നേഹത്തോടെ അമൃതയും അഭിരാമിയും അമൃതയുടെ മകൾ പാപ്പുവും ചേർത്ത് പിടിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. എന്നേക്കും എന്ന് തലക്കെട്ട് നൽകിയാണ് അഭിരാമി സുരേഷ് അച്ഛനൊപ്പമുള്ള അവസാന നിമിഷത്തിന്റെ ചിത്രം പങ്കുവെച്ചത്. ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി. നിങ്ങളുടെ കുടുംബത്തിനുണ്ടായ നികത്താൻ പറ്റാത്ത നഷ്ടത്തിന്റെ വേദനയിൽ തങ്ങളും പങ്കുചേരുന്നുവെന്നാണ് ആരാധകർ കുറിച്ചത്.

അമൃതയേയും കുടുംബത്തേയും ആശ്വസിപ്പിച്ചും ചടങ്ങിന്റെ കാര്യങ്ങൾക്ക് നേതൃത്വം നൽകിയും ​ഗോപി സുന്ദറുമൊപ്പമുണ്ടായിരുന്നു. അച്ഛനാണ് തങ്ങൾക്കെന്നും കരുത്തെന്ന് അമൃതയും അഭിരാമിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമൃതയുടേയും അഭിരാമിയുടേയും ട്രൂപ്പ് നോക്കി നടത്തിയിരുന്നതും അച്ഛനാണ്.

സ്‌ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുരേഷ് മരണപ്പെട്ടത്. പിതാവിന്റെ മരണ വിവരം അമൃത സുരേഷ് തന്നെയാണ് സാമൂഹ്യമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്ന അടികുറിപ്പോടെയാണ് പിതാവിനൊപ്പമുള്ള ചിത്രം അമൃത പങ്കുവെച്ചത്.