കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥ, മലയാളികൾക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്- അഭിരാമി സുരേഷ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. സോഷ്യൽ മീഡിയയിലും സജീവമായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ഏറെ ശ്രദ്ധനേടാറുണ്ട്. ടെലിവിഷൻ പരമ്പരയിൽ ബാലതാരമായാണ് അഭിരാമിയുടെ തുടക്കം. പിന്നീട് അവതാരകയായും ഗായികയായുമൊക്കെ മലയാളികളുടെ മനസിൽ ഇടംപിടിച്ച അഭിരാമി, സഹോദരി അമൃത സുരേഷിനൊപ്പം ബിഗ് ബോസിലുമെത്തിയിരുന്നു. .

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മലയാളികൾക്ക് സെക്ഷ്വൽ ഫ്രസ്റ്റ്രേഷൻ കൂടുതലാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. മലയാളികളുടെ സെക്ഷ്വൽ ഫ്രസ്റ്റ്രേഷൻ ലൈംഗിക വിദ്യാഭ്യാസം ശരിയായി കിട്ടാത്തതു കൊണ്ടാണെന്ന് അഭിരാമി പറയുന്നു.

അഭിരാമി സുരേഷിന്റെ വാക്കുകൾ ഇങ്ങനെ; ‘ലൈംഗിക വിദ്യാഭ്യാസം ശരിയായി കിട്ടാത്തവരാണ് മലയാളികൾ എന്ന് തോന്നിയിട്ടുണ്ട്. അല്ലാതെ സെക്ഷ്വൽ ഫ്രസ്റ്റ്രേഷൻ കൂടുതലുള്ളവരാണെന്ന് തോന്നിയിട്ടില്ല. നമുക്കൊരു കാര്യത്തെക്കുറിച്ച് വിശദമായി അറിയില്ലെങ്കിൽ അത് കയ്യിൽ കിട്ടുമ്പോൾ നശിപ്പിക്കും. അതായത്, കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥ. ഇന്ന് നമുക്ക് ഇതിലൊക്കെ ആക്‌സസുണ്ട്. ഈ തലമുറയ്ക്ക് സ്വാതന്ത്ര്യവും ഇത്തരം കാര്യങ്ങളിൽ ആക്‌സസും കൂടുതലുണ്ട്. പക്ഷെ എങ്ങനെ അത് കൃത്യമായി ഉപയോഗിക്കണം എന്ന് അറിയില്ല.

സെക്ഷ്വൽ ഫ്രസ്റ്റ്രേഷൻ തന്നെ ലൈംഗിക വിദ്യാഭ്യാസം ശരിയായി കിട്ടാത്തതു കൊണ്ടാണ്. ലൈംഗിക വിദ്യാഭ്യാസം എന്നാൽ എങ്ങനെ ഈ കാര്യങ്ങൾ ചെയ്യണം എന്നല്ല. അങ്ങനെയാണ് പലരുടേയും തെറ്റിദ്ധാരണ. ആണിന്റേയും പെണ്ണിനും അവരുടെ ശരീരത്തെക്കുറിച്ച് അറിയാനുള്ളതാണ്. സെക്ഷ്വൽ മാത്രമല്ല. ആൺകുട്ടികളും അറിഞ്ഞിരിക്കണം. ഒരു റിലേഷൻഷിപ്പിനെ വരെ അത് സഹായിക്കും. പെൺകുട്ടിയുടെ ആർത്തവത്തെക്കുറിച്ചൊക്കെ അറിയുന്നയാളാണെങ്കിൽ അയാളുടെ മൂഡ് സ്വിംഗ്‌സ് ഒരിക്കലുമൊരു വഴക്കിലേക്ക് നീങ്ങില്ല.

ലൈംഗിക വിദ്യാഭാസ്യം എന്നത് നമ്മളുടെ നാട്ടിൽ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഗുഡ് ടച്ചും ബാഡ് ടച്ചും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ആർത്തവവും ഇന്റിമസിയുമൊക്കെ ഇതിന്റെ പല പല ഭാഗങ്ങളാണ്. ഫ്രസ്റ്റ്രേഷന്റെ കാര്യം എനിക്കറിയില്ല, ഞാനത്ര ജഡ്ജുമെന്റൽ അല്ല. പക്ഷെ ലൈംഗിക വിദ്യാഭ്യാസം കുറവാണെന്ന് തോന്നിയിട്ടുണ്ട്.