അഭിരാമിയുടെ മരണത്തിന് കാരണം കേരള ബാങ്കിന്റെ ജപ്തി ബോര്‍ഡ്, അച്ഛനെ കാണാൻ വന്നതാ, എന്റെ മോൾടെ ശവമടക്ക് കാണേണ്ടി വന്നു.

കൊല്ലം. ഞങ്ങൾക്ക് പൊന്നായ മകളെ നഷ്ട്ടപെടുന്നതിനു കാരണം ബാങ്കിന്റെ ജപ്തി ബോർഡെന്ന് അഭിരാമിയുടെ പിതാവ് അജികുമാർ. ജപ്തി ബോർഡാണ് മകളെ നഷ്ടപ്പെടുത്തിയത്. ജപ്തി ബോര്‍ഡ് മകള്‍ക്ക് വേദനയുണ്ടാക്കി. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന്അഭിരാമി പറഞ്ഞിരുന്നു – അജികുമാർ പറഞ്ഞു.

“ഭാര്യയും മോളും കൂടിയാണ് ആദ്യം ബാങ്കിൽ പോകുന്നത്. മകളെ റോഡിൽനിർത്തിയിട്ട് ഞാനും ഭാര്യയും കൂടി ബാങ്കിൽ കയറി ഞങ്ങളുടെ അവസ്ഥയൊക്കെ അവരോടു പറഞ്ഞു. അപ്പോൾ മാനേജർ പുറത്തുപോയിരുന്നു. ഞങ്ങൾ തിരിച്ചു വീട്ടിലേക്കു വന്നപ്പോൾ ‘പപ്പ നമുക്ക് വീടൊന്നും വേണ്ട, വിൽക്കാം, വിറ്റ് കടം തീർക്കാമെന്ന് അഭിരാമി പറഞ്ഞിരുന്നു. വീട്ടിലെത്തുമ്പോൾ ജപ്തി ബോർഡ് ഇരിക്കുന്നത് കണ്ടപ്പോൾ അവളുടെ മനസ്സ് പതറി. അവൾ വല്ലാതെ നൊമ്പരപെട്ടു. മുത്തച്ഛൻ അസുഖബാധിതനായി കിടക്കുന്നതു കൊണ്ട് ആളുകൾ കാണാൻ വരുമെന്നും ബോർഡ് ഇരുന്നാ നാണക്കേടാ, പപ്പാ അത് ഇളക്കി കള എന്നും പറഞ്ഞു കരയുകയും ഉണ്ടായി. സർക്കാരിന്റെ കാര്യമല്ലേ മോളേ നമുക്ക് ഇളക്കി കളയാൻ അർഹതയില്ലെന്നാണ് ഞാൻ അവളോട് പറഞ്ഞത്.” അജികുമാർ പറയുന്നു.

മാനേജർ അഞ്ചുമണിയോടെ വരുമെന്ന് പറഞ്ഞതിനാലാണ് മോളെ വീട്ടിൽനിർത്തി അജിത് കുമാറും ഭാര്യയും കൂടി വീണ്ടും ബാങ്കിൽ പോവുന്നത്. മൂന്നു ലക്ഷം രൂപ കുടിശികയുണ്ടെന്നും അത് അടയ്ക്കണമെന്നും മാനേജർ അവരോടു പറഞ്ഞു. എന്തെങ്കിലും സാവകാശത്തിന് റിക്കവറി പേപ്പർ തരാമെന്നു പറഞ്ഞു. മൊബൈൽ നമ്പർ ഓർമയില്ലാഞ്ഞതിനാൽ ഭാര്യയെ ബാങ്കിൽനിർത്തി തിരിച്ചു വന്നപ്പോഴാണ് വീട്ടിൽ അജിത് കുമാർ ആൾക്കൂട്ടം കാണുന്നത്. അച്ചൻ അസുഖബാധിതനായി കുറേക്കാലമായി കിടപ്പിലായിരുന്നതിനാൽ അച്ഛന് എന്തോ പറ്റിയെന്നാണ് കരുതിയത്. ആറു മാസം കൊണ്ട് അച്ഛനെ കാണാൻ വന്നതാ ഞാൻ, അവസാനം ഈ വീടു വച്ചിട്ട് എന്റെ മോൾടെ ശവമടക്ക് കാണേണ്ട അവസ്ഥയായി എനിക്ക്.. ’– അജികുമാർ പറയുന്നു.

കിടപ്പുരോഗിയായ മുത്തച്ഛനെ അഭിരാമിയായിരുന്നു നോക്കിയിരുന്നത്. കോവിഡ് പ്രതിസന്ധിയാണ് വായ്പ തിരിച്ചടവ് മുടങ്ങാന്‍ കാരണമായത്. മോൾടെ പഠിപ്പും അച്ഛന്റെയും ഭാര്യയുടെയും ആശുപത്രിച്ചെലവുമൊക്കെയായി പ്രതിസന്ധിയിലാക്കി. തുക അടയ്ക്കാത്തതിന്റെ രണ്ടു മൂന്നു പേപ്പർ വന്നതിനാലാണ് ഇപ്പോൾ താൻ ഓടി എത്തിയതെന്നും അജികുമാര്‍ വിതുമ്പലോടെ പറഞ്ഞു.

അഭിരാമിയുടെ മുത്തച്ഛനില്‍നിന്ന് കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ഒപ്പിട്ടുവാങ്ങിയിരുന്നു. കിടപ്പിലായിരുന്ന തന്നെക്കൊണ്ട് ഒപ്പ് പതിപ്പിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയതെന്ന് അഭിരാമിയുടെ മുത്തച്ഛന്‍ ശശിധരന്‍ ആചാരി ഒരു ഓണ്ലൈനിനോട് പറഞ്ഞിട്ടുണ്ട്. ഒപ്പിടുന്നത് എന്തിനെന്ന് പറയാതെയാണ് ഉദ്യോഗസ്ഥര്‍ പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങിയത്. ഈസമയം അഭിരാമിയുടെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നു- ശശിധരന്‍ ആചാരി പറയുന്നു.

കൊല്ലം ജില്ലയിലെ ശൂരനാട് അജികുമാറിന്‍റെയും ശാലിനിയുടെ മകള്‍ അഭിരാമി (20) നെ ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച് നിലയിൽ കാണുന്നത്. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു അഭിരാമി. അഭിരാമിയുടെ സംസ്കാരം ബുധനാഴ്ച നടക്കും. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുേശഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനിരിക്കുന്നു.