ഗുരുവായൂർ നാലമ്പലം ശീതീകരിക്കുന്നു, പഴനി മോഡൽ

​ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തും. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാൽ സാധാരണ രീതിയിലുള്ള എസി പ്രായോഗികമല്ല. അതിനാൽ പ്രദക്ഷിണവഴികളിൽ തണുത്ത കാറ്റ് ലഭിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്.

പഴനിയിൽ സമാന രീതിയിലുള്ള സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ സംവിധാനത്തെ കുറിച്ച് പഠിക്കാനായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഭരണസമിതി അംഗങ്ങൾ, എഞ്ചിനീയറിം​ഗ് ഉദ്യോഗസ്ഥർ എന്നിവർ പഴനി സന്ദർശിച്ചിരുന്നു.

മുഴുവൻ ചെലവും വഴിപാടായി ഏറ്റെടുക്കാൻ ഒരു ഭക്തൻ തയാറായിട്ടുണ്ട്. എട്ടിനു ചേരുന്ന ദേവസ്വം ഭരണസമിതിയോഗം തീരുമാനമെടുക്കും.