നരബലിക്കേസിലെ പ്രതികള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍

കൊച്ചി. ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. റോസ്ലിന്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതികളെ 9 ദിവസത്തേക്ക് പെരുമ്പാവൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. ഇതില്‍ രണ്ട് ദിവസം 15 മിനിറ്റ് അഭിഭാഷകനെ കാണുവാനും പ്രതികള്‍ക്ക് അനുമതി നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കാലടി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

നരബലിയുമായി ബന്ധപ്പെട്ട 20 കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. മൊഴികളിലെ വൈരുദ്ധ്യം പരിഹരിക്കുവാന്‍ പ്രതികളെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യണം. നരലിയുടെ ആസൂത്രണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണം. നരബലിക്ക് മുമ്പ് ഷാഫി വിവിധ ജില്ലകളില്‍ യാത്ര ചെയ്തിരുന്നു. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പോലീസ് കോടതിയെ അറിയിച്ചു.

കൂടുതല്‍ പോര്‍ ഇവര്‍ക്ക് ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്തണം. ഇവര്‍ ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തണമെന്നും കോടതിയില്‍ പോലീസ് പറഞ്ഞു. അതേസമയം കസ്റ്റഡി അപേക്ഷ പ്രതിഭാഗം കോടതിയില്‍ എതിര്‍ത്തു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി പോലീസ് കേസിനെ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.