കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച പ്രതികളിലൊരാള്‍ തൂങ്ങിമരിച്ചു

കൊച്ചി: കളമശേരിയില്‍ കുട്ടിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച കേസിലെ പ്രതികളിലൊരാള്‍ തൂങ്ങി മരിച്ച നിലയില്‍. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ പ്രതി നിഖില്‍ പോളിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തുങ്ങിയ നിലയില്‍ കണ്ടെത്തിയ നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കളമശ്ശേരി പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. പ്രതികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദനമേറ്റ 17കാരന്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരിക്കുകയാണ്. 10 മിനിട്ടോളം വരുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.

മര്‍ദ്ദിച്ചവരില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇവരുടെ മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തുയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. മര്‍ദനമേറ്റ കുട്ടിക്കും മര്‍ദിച്ചവര്‍ക്കും പ്രായപൂര്‍ത്തി ആവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂട്ടത്തിലുള്ള ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിക്കുകയായിരുന്നു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മര്‍ദനമേറ്റത്.

ജയില്‍ മുറികളിലും ആഫ്രിക്കന്‍ നാടുകളിലെ അടിമകളോടും മറ്റും ചെയ്യുന്ന തരത്തില്‍ പുറത്തു വന്നിട്ടുള്ള ദൃശ്യങ്ങളില്‍ ഉള്ളതിന് സമാനമായ തരത്തില്‍ ക്രിമിനലുകളായ സമപ്രായക്കാര്‍ ഇയാളെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളത്. ഒരു വീടിന്റെ ബാല്‍ക്കണിയിലാണ് മര്‍ദനം നടക്കുന്നത് എന്നാണ് ദൃശ്യങ്ങളില്‍ മനസിലാകുന്നത്. അവശനായി തളര്‍ന്നു വീണ 17കാരനെ നൃത്തം ചെയ്യിപ്പിക്കുന്നതും കൂര്‍ത്ത മെറ്റല്‍ കൂനയില്‍ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതും അസഭ്യം പറയുന്നതും കേള്‍ക്കാം.

മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുകയായിരുന്നു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന്‍ എഴുന്നേറ്റ് നടക്കാനാകാത്ത നിലയിലാണ്. കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.