നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി

കൊച്ചി. നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച ലഹരി ഇടപാട് സംഘത്തിലെ പ്രധാനിയെ പിടികൂടി. തുതിയൂർ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവന്ന കാക്കനാട് നിലംപതിഞ്ഞിമുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്.

ഇയാളുടെ പക്കൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും മൂന്ന്ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പരിശീലനം നൽകിയ സൈബീരിയൻ ഹസ്കി ഇനത്തിലുള്ള നായയെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോയും ഇന്റലിജൻസ് വിഭാഗവും സ്ഥലത്ത് എത്തിയെങ്കിലും പട്ടിയെ മുറിയിൽ അഴിച്ചുവിട്ടിരിക്കുന്നതിനാൽ അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല.

തുടർന്ന് ബലപ്രയോഗത്തിലൂടെ റൂമിൽ പ്രവേശിച്ച എക്സൈസ് സംഘം പട്ടിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഇയാളെ കീഴ്‌പ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിനാൽ പിടിയിലായ ശേഷവും ലിയോൺ റെജി അക്രമസ്വഭാവം കാണിക്കുകയും അലറി വിളിക്കുകയും ചെയ്തു. നാലു ദിവസം മുൻപാണ് തുതിയൂർ സെയ്ന്റ് ജോർജ് കപ്പേള റോഡിലെ വീട്ടിൽ ഐടി ഉദ്യോഗസ്ഥൻ എന്ന വ്യാജേന പ്രതി വാടകയ്ക്ക് താമസം തുടങ്ങിയത്.