പ്രതിഫലം വാങ്ങിയതിനു ശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങള്‍ക്കെതിരേ നടപടി വരുന്നു

ചെന്നൈ . പ്രതിഫലം വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങള്‍ക്കെതിരെ നടപടി. തമിഴ് സിനിമ രംഗത്തെ പ്രമുഖ താരങ്ങൾക്കെതിരെ നടപടി എടുക്കാനൊരുങ്ങി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ. നിർമ്മാതാക്കളിൽ നിന്ന് മുൻകൂറായി പ്രതിഫലം വാങ്ങിയതിനു ശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങള്‍ക്കെതിരെയാണ് നടപടി എടുക്കാനൊരുങ്ങുന്നത്. ജൂണ്‍ 18-ന് നടന്ന ജനറൽ കമ്മിറ്റി യോഗത്തിൽ പുറത്തു വിട്ട പട്ടികയില്‍ 14 താരങ്ങളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് തമിഴ് താരങ്ങളുടെ സംഘടന, നടികര്‍ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രമുഖ താരങ്ങളായ ചിമ്പു, വിശാൽ, എസ് ജെ സൂര്യ, അദർവ, വിജയ് സേതുപതി, യോഗിബാബു എന്നിവരാണ് പട്ടികയിലുള്ളത്. തമിഴ് സിനിമ രംഗത്ത് നിർമ്മാതാക്കളെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ വിവിധ നടപടികളാണ് സ്വീകരിക്കുന്നതെന്ന് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ പ്രസിഡന്റായ നിര്‍മ്മാതാവ് തേനാണ്ടൽ മുരളി വ്യക്തമാക്കുന്നു.

വിവിധ വിഷയങ്ങളിൽ 14 നടീ-നടന്മാർക്കെതിരേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നടിമാരായ അമല പോളും ലക്ഷ്മി റായിയും ഷൂട്ടിങ്ങിനിടെ പത്ത് ബോഡി ഗാർഡുകളെ നിയമിക്കുകയും നിർമ്മാതാക്കളിൽ നിന്ന് അമിത ശമ്പളം ഈടാക്കുകയും ചെയ്തുവെന്നായിരുന്നു ഒരു ആരോപണം. പരാതികളുയർന്ന സാഹചര്യത്തിൽ അടുത്തയാഴ്ച നടപടികള്‍ എടുക്കുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പറഞ്ഞു