പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും, കനകലത ​ഗുരുതരാവസ്ഥയിൽ, വെളിപ്പെടുത്തലുമായി സഹോദരി

സിനിമക്കപ്പുറം എവിടെ വച്ചു കണ്ടാലും ചേച്ചിയെന്ന് വിളിച്ച് ഓടിച്ചെല്ലാനുള്ള അടുപ്പം സൃഷ്ടിച്ച കുറേ കഥാപാത്രങ്ങൾ. കനകലത എന്ന അഭിനേത്രിയുടെ കലാജീവിതത്തിൽ വന്നുപോയത് ഇത്തരം വേഷങ്ങളാണ്. സിനിമയിലെ ഏറ്റവും അടുപ്പമുള്ള ഫ്രെയിമുകളിലിരുന്നു പ്രേക്ഷകനെ നോക്കി ചിരിച്ച കനകലത എവിടെ പോയെന്ന് ചിന്തിച്ചവർ ഉണ്ടാകാം. സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന കനകലതയേ പ്രേക്ഷകർക്ക് അറിയൂ. എന്നാൽ നടിയുടെ സ്വകാര്യ ജീവിതത്തിൽ ഏറെ കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നുമെല്ലാം അപ്രത്യക്ഷയായിരിക്കുകയാണ് നടി. ഈ വര്‍ഷമാദ്യം റിലീസായ പൂക്കാലത്തിലാണ് കനകലത അവസാനമായി അഭിനയിച്ചത്. അതിനു ശേഷം ടെലിവിഷൻ പരമ്പരകളിലോ സിനിമയിലോ കനകലതയെ പ്രേക്ഷകർ കണ്ടിട്ടില്ല. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കനകലതയുടെ സഹോദരി വിജയമ്മ.

പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ് കനകലതയെന്ന് വിജയമ്മ പറയുന്നു. സ്വന്തം പേര് പോലും മറന്ന്, ഒന്നും കഴിക്കാതെ, മര്യാദക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നടിയെന്നാണ് ചേച്ചി പറയുന്നത്. 2021 ഡിസംബര്‍ തൊട്ടാണ് ഓരോരോ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് അവർ പറഞ്ഞു. അവളുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. വിഷാദരോഗമാവാമെന്ന്. ഉറക്കം കുറവായിരുന്നു. നമുക്ക് സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് അവളോട് എപ്പോഴും പറയുമായിരുന്നു. ഹേയ് അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് അവള്‍ അക്കാര്യം വിടും.

ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവള്‍ അത് നിര്‍ത്തി. അങ്ങനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഞങ്ങള്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എംആര്‍എ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത അവിടെ ഐസിയുവിലായിരുന്നുവെന്നും ചേച്ചി പറയുന്നു.

കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. ട്യൂബ് ഇടുന്നതാണ് നല്ലതെന്ന് ഡോക്ടർ അന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് പേടിയായിരുന്നു. അണുബാധയുണ്ടാവുമെന്നൊക്കെ ചിലര്‍ പറഞ്ഞു. അതുവരെ ഭക്ഷണം അല്പസ്വല്പം കഴിക്കുമായിരുന്നു. പക്ഷേ, ഈ ഏപ്രില്‍ ആയപ്പോഴേക്കും അവള്‍ തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡ് കൊടുക്കുന്നതെന്നും അവർ പറഞ്ഞു.

വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും പറയില്ല. ഭക്ഷണം വേണോ എന്ന് അങ്ങോട്ട് ചോദിക്കും. നിര്‍ബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോള്‍ കഴിക്കും. ഇല്ലെങ്കില്‍ തുപ്പിക്കളയും. അതുമല്ലെങ്കില്‍ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാല്‍ എങ്ങനെയിരിക്കും, വിജയമ്മ പറയുന്നു.

അമ്മ സംഘടനയില്‍ വിളിച്ചുപറഞ്ഞിരുന്നു. അവിടത്തെ ഇന്‍ഷുറന്‍സ് ഉണ്ട്. പിന്നെ മാസം കൈനീട്ടം കിട്ടും. ആത്മയില്‍ നിന്നും ചലച്ചിത്ര അക്കാദമിയില്‍ നിന്നും ധനസഹായങ്ങള്‍ ലഭിച്ചിരുന്നു. കനകലത ആണെന്ന് മനസ്സിലാവാത്ത രൂപത്തിലായി അവള്‍. ഭക്ഷണം കഴിക്കാത്തതുകൊണ്ടുതന്നെ മെലിഞ്ഞു. പിന്നെ ആ ചുരുണ്ടമുടിയൊക്കെ കട്ട് ചെയ്തു. ഇടയ്ക്ക് എഴുന്നേറ്റ് വന്ന് സെറ്റിയിലിരുന്ന് ടിവി കാണും. കാലുകള്‍ക്കൊന്നും ബലമില്ല. അഞ്ചടി ദൂരം മാത്രം നടക്കും.

സിനിമയിൽ സജീവമായി നിൽക്കുമ്പോൾ 22 മത്തെ വയസിലായിരുന്നു കനകലതയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. വിവാഹശേഷം സർക്കാർ ജോലി ഉപേക്ഷിച്ച് ഭർത്താവ് സിനിമ നിർമ്മിക്കാൻ തുടങ്ങി.കനകലത ജോലി ചെയ്ത പണമൊക്കെ ഭർത്താവിന്റെ ധൂർത്തിൽ തീർന്നു. ഒടുവിൽ 16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ താരം ഭർത്താവിനെ ഡിവോഴ്സ് ചെയ്തു. കനകലതയ്ക്ക് മക്കളുമില്ല.  ഇനി ഒരു കല്യാണം ഇല്ലെന്നും ദാമ്പത്യജീവിതം മടുത്തെന്നും നടി അടുത്തൊരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു. തന്നെ ഭർത്താവ് ചൂഷണം ചെയ്തെന്നും ദാമ്പത്യം ട്രാജഡിയായെന്നും പറയാൻ കനകലതയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.ഡിവോഴ്സിന് ശേഷവും ഭർത്താവിന്റെ ബാധ്യതകൾ കനകലതയെ പിന്തുടർന്നു.