വിജയ്ക്ക് ഒപ്പം ഗാനരംഗത്ത് അഭിനയിക്കുമ്പോള്‍ താന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു, മാളവിക പറയുന്നു

1999ല്‍ ഉണ്ണൈ തേടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക. തുടര്‍ന്ന് രജനികാന്ത്, കമല്‍ ഹസന്‍, വിജയ് തുടങ്ങിയവരുടെ ഒപ്പം സ്‌ക്രീനിലെത്തി. ഗാന രംഗങ്ങളിലും നടി തിളങ്ങിയിരുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്തിരം പേസുതെടി എന്ന ചിത്രത്തിലെ വാള മീനുക്കും എന്ന തുടങ്ങുന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2007ല്‍ ബിസനസ്സുകാരനായ സുമേഷ് മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയം നടി തുടര്‍ന്നു. ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് നടി സിനിമയില്‍ നിന്നും അകലുന്നത്. എന്നാല്‍ ഇപ്പോഴും സോഷ്യല്‍ ലോകത്തു സജീവമാണ് നടി. ആരാധകരുമായി നിരന്തരം താരം സംവദിക്കാറുമുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മാളവിക തന്റെ കരിയറിലെ ചില മികച്ച അവസരങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.

‘ചന്ദ്രമുഖി’ എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പമുള്ള അഭിനയം വലിയ നേട്ടമാണെന്ന് നടി പറയുന്നു. അത്രയേറെ ഡൗണ്‍ ടു ഏര്‍ത്ത് ആണത്രെ രജനികാന്ത്. സ്വയം ഞാന്‍ മോശമാണെന്ന് പറയാനുള്ള ധൈര്യമുള്ള നടനാണ് അദ്ദേഹം. ഞാനൊരു മോശം നടനാണ്. അതുകൊണ്ട് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ ചില സ്‌റ്റൈലൊക്കെ വേണം എന്ന് രജനികാന്ത് പറഞ്ഞിരുന്നു.

കുരുവി എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പമുള്ള അഭിനയവും തനിയ്ക്ക് ലഭിച്ച വലിയ അവസരമായിരുന്നു. ഡാന്‍സിന്റെ കാര്യത്തില്‍ തമിഴകത്തെ ഹൃത്വിക് റോഷനാണ് വിജയ് സര്‍. അദ്ദേഹത്തിനൊപ്പം ഡാന്‍സ് കളിക്കാന്‍ അവസരം ലഭിയ്ക്കുക എന്നത് വലിയ കാര്യമായിരുന്നു. എന്നാല്‍ എനിക്ക് ആ അവസരം കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.

കുരുവി എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ആ ഗാനരംഗത്ത് അഭിനയിക്കുമ്പോള്‍ ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് തന്നെ മോഡലിങ് ചെയ്യുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ മാത്രമേ അന്ന് കഴിഞ്ഞുള്ളൂ. കുരുവി എന്റെ ഏറ്റവും ഒടുവിലത്തെ സിനിമയായിട്ട് പോലും എനിക്ക് മികച്ച രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞില്ല മാളിവിക പറഞ്ഞു