മറ്റു ഹീറോകൾക്കൊപ്പം റൊമാൻസ് ചെയ്തു നടക്കുന്നത് അവർക്ക് ഇഷ്ടമായിരുന്നില്ല- മഞ്ജുള

സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. ചിത്രത്തിലെ അപർണ എന്ന വേഷത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് മഞ്ജുള ഘട്ടമനേനി. പ്രശസ്ത തെലുങ്ക് നടൻ കൃഷ്ണയുടെ മകളും നടൻ മഹേഷ് ബാബുവിന്റെ സഹോദരിയുമാണ ഇവർ.

സിനിമയില്‍ അത്ര തിളങ്ങാന്‍ മഞ്ജുളയ്ക്ക് സാധിച്ചിരുന്നില്ല. ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാൽ എന്റെ അച്ഛന്റെ ആരാധകർക്ക് അതിഷ്ടമായിരുന്നില്ല, കാരണം അവർ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകൾ മറ്റു ഹീറോകൾക്കൊപ്പം റൊമാൻസ് ചെയ്തു നടക്കുന്നത് അവർക്ക് സ്വീകാര്യമായിരുന്നില്ല. അവർക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആരും ഞാൻ ഒരു നടിയാവുന്നത് സ്വീകരിക്കാൻ തയ്യാറായില്ല. ഞാൻ ഇരയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്. തുടർന്ന് മെഡിറ്റേഷനാണ് തന്നെ അതിൽ നിന്നും മറികടക്കാൻ സഹായിച്ചതെന്നും മഞ്ജുള വ്യക്തമാക്കി.

സിനിമാ കുടുംബം ആയതുകൊണ്ടു തന്നെ തനിക്കും ആ വഴി തിരഞ്ഞെടുക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ കുടുംബവും സുഹൃത്തുക്കളുമൊക്കെ അതിനെതിരായിരുന്നുവെന്നും മഞ്ജുള പറയുന്നു. ചെറിയ പ്രായത്തിൽ തന്നെ വിഷാദരോഗിയാവുകയും പിന്നീട് മെഡിറ്റേഷനിലൂടെയും മറ്റുമാണ് അതിനെ മറികടന്നതെന്നും മഞ്ജുള പറയുന്നു.