രാവിലെ ഷൂട്ടിങ് തുടങ്ങി ഏതാണ്ട് ഉച്ചയ്ക്ക് 12 ആയപ്പോഴേക്കും ഞാനതാ കിടക്കുന്നു ബോധം കെട്ട്, നടി നയന പറയുന്നു

ജൂണ്‍ എന്ന ചിത്രത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കുഞ്ഞിയായും മണിയറയിലെ അശോകനിലെ റാണി ടിച്ചര്‍ ആയും മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് നയന എല്‍സ. ഇപ്പോള്‍ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്.

‘മണിയറയിലെ അശോകനില്‍ അനുപമ പരമേശ്വരന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിങ് തുടങ്ങി നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ഒരു ചോദ്യം, നീയും അസിസ്റ്റന്റ് ആകുന്നോ? കേട്ടപാടേ സമ്മതിച്ചെങ്കിലും പിന്നെയാണ് അതു കട്ടിപ്പണി ആണെന്ന് മനസ്സിലായത്. ക്ലാപ്പ് അടിക്കുന്നത് മുതല്‍ അഭിനയിക്കുന്നവരുടെ കോസ്റ്റ്യൂം ശരിയാക്കുന്നതു വരെയുള്ള ജോലിയുണ്ട്. എന്റെ സീന്‍ വരുമ്‌ബോള്‍ അഭിനയിക്കുകയും വേണം.

ഇതിനിടെ ഒരു രസമുണ്ടായി. പാലക്കാട്ടെ ഒരു കവലയിലായിരുന്നു ‘ഉണ്ണിമായേ’ സോങ് എടുത്തത്. രാവിലെ ഷൂട്ടിങ് തുടങ്ങി ഏതാണ്ട് ഉച്ചയ്ക്ക് 12 ആയപ്പോഴേക്കും ഞാനതാ കിടക്കുന്നു ബോധം കെട്ട്. വെയിലു കൊണ്ടപ്പോള്‍ ചെറുതായൊന്ന് തല കറങ്ങിയതാ..’