പാലിന്റെ പരസ്യത്തിൽ സ്ത്രീകൾ പശുക്കളായി മാറുന്നു; വിമർശനം രൂക്ഷമായതോടെ വിവാദ പരസ്യം പിൻവലിച്ച് കമ്പനി

ദക്ഷിണ കൊറിയയിലെ ഏറ്റവും മികച്ച ഡയറി ബ്രാൻഡുകളിലൊന്നായ സിയോൾ മിൽക്കിന്റെ പുതിയ പരസ്യം വിവാദത്തിൽ. പാലിന്റെ പരസ്യത്തിൽ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചതിനെതിരെയാണ് രാജ്യത്തെമ്പാടും വിമർശനമുയർന്നത്. വിമർശനം രൂക്ഷമായതോടെ സിയോൾ മിൽക്ക് ബ്രാൻഡ് അധികൃതർ യൂട്യൂബിൽ നിന്ന് പരസ്യം പിൻവലിക്കുകയും സ്ത്രീകളോട് ക്ഷമചോദിക്കുകയും ചെയ്തു.

സ്ത്രീകൾ പശുവായി മാറുന്നതായി പരസ്യത്തിൽ ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണം. ലിംഗവിവേചനം ചൂണ്ടിക്കാട്ടി ശക്തമായ വിമർശനം ഉയർന്നതോടെയാണ് പരസ്യം പിൻവലിച്ചത്. യൂട്യൂബിൽ നിന്ന് പരസ്യം പിൻവലിച്ചെങ്കിലും വീഡിയോ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വനപ്രദേശത്തിലൂടെ ഒരാൾ ക്യാമറയുമായി നടക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിനിടെ ഒരു കൂട്ടം സ്ത്രീകൾ യോഗ ചെയ്യുന്നതും അരുവികളിൽ നിന്ന് വെള്ളം കുടിക്കുന്നതുമെല്ലാം യുവാവ് കാണുന്നു. ഇത് ക്യാമറയിൽ പകർത്താൻ അയാൾ ശ്രമിക്കുന്നു. ഇതിനിടെ നിലത്ത് കിടക്കുന്ന ഒരു കമ്പിൽ തട്ടി ഇയാൾ വീഴാൻ പോകുന്നു. ഈ ശബ്ദം കേട്ട ഭാഗത്തേക്ക് സ്ത്രീകൾ തിരിഞ്ഞുനോക്കുന്നു. ഇതുകണ്ട യുവാവ് ഞെട്ടി പോകുന്നു. സ്ത്രീകളെല്ലാം പശുക്കളായി മാറി. താൻ ഇത്രയും നേരം കണ്ടുകൊണ്ടിരുന്നത് സ്ത്രീകളെ അല്ലായിരുന്നുവെന്നും പശുക്കളെ ആയിരുന്നുവെന്നും ക്യാമറമാൻ തിരിച്ചറിയുന്നു. ഇവിടെ പരസ്യം അവസാനിക്കുന്നു.

പരസ്യവാചകം പരസ്യത്തിന് ഒടുവിലാണ് എത്തുന്നത്. ‘ശുദ്ധമായ ജലം, ജൈവാഹാരം, 100 ശതമാനം സംശുദ്ധമായ സിയോൾ പാൽ.. ചിയോങ്‌യാങ്ങിലെ അതിമനോഹരമായ പ്രകൃതിയിൽ നിന്നും ജൈവമായ പാൽ..’ എന്നാണ് പരസ്യവാചകം. നവംബർ 29നാണ് പരസ്യം റിലീസ് ചെയ്തത്. പരസ്യ സംപ്രേഷണം മൂലം ബുദ്ധിമുട്ട് നേരിട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് ഒടുവിൽ കമ്പനി അധികൃതർ വ്യക്തമാക്കി.