അഫ്ഗാന്‍ വിടുമ്പോള്‍ കാലിലിട്ട ചെരുപ്പ് മാറ്റാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല- ഗനി

ദുബായ് : താലിബാന്‍ കടന്നുകയറ്റത്തിന് പിന്നാലെ പണവുമായി രാജ്യംവിട്ടെന്ന ആരോപണം നിഷേധിച്ച്‌ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി. വീഡിയോ സന്ദേശത്തിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിസ്ഥാന്‍ വിട്ട ഗനി യുഎഇയിലെത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിഡിയോ സന്ദേശം പുറത്തുവന്നത്.

ഇതെല്ലം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. കുറച്ച്‌ പരമ്ബരാഗത വസ്ത്രങ്ങളും താന്‍ ധരിച്ചിരുന്ന ചെരിപ്പും മാത്രമാണ് കൂടെ കൊണ്ടുപോയത്. കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ വീണ്ടും ഒരു അഫ്ഗാന്‍ പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതു ജനം കാണുമായിരുന്നെന്നും അഷ്റഫ് ഗനി വീഡിയോയില്‍ പറഞ്ഞു. ദുബായില്‍ ഒളിവില്‍ തുടരാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ല. അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാനുള്ള ആലോചനയിലാണ്. നീതി ഉറപ്പാക്കാനുള്ള പോരാട്ടം തുടരും. അഫ്ഗാന്റെ പരമാധികാരവും യഥാര്‍ഥ ഇസ്‌ലാമിക മൂല്യങ്ങളും ദേശീയ നേട്ടങ്ങളും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.

4 കാര്‍ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററില്‍ കയറാന്‍ എത്തിയതെന്ന് കാബൂളിലെ റഷ്യന്‍ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പണം മുഴുവന്‍ കോപ്റ്ററില്‍ കയറ്റാനായില്ലെന്നും ബാക്കി ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഖജനാവ് കൊള്ളയടിച്ചു മുങ്ങിയതിന് അഷ്റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് തജിക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാന്‍ എംബസി ഇന്റര്‍പോളിനോട് ആവശ്യപ്പെടുകയും ചെയ്തു.