സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടിവന്നെന്ന നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനാണ് കൈക്കൂലി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.

മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനായി ആറരലക്ഷം നല്‍കേണ്ടി വന്നുവെന്നാണ് വിശാല്‍ പറഞ്ഞത്. ചിത്രം റിലീസ് ചെയ്യാന്‍ മൂന്ന് ലക്ഷവും യുഎ സര്‍ട്ടിഫിക്കറ്റിനായി മൂന്നരക്ഷവും നല്‍കിയെന്ന് വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

തന്റെ കരിയറില്‍ ഒരിക്കലും ഈ അവസ്ഥയുണ്ടായിട്ടില്ല. ഇടനിലക്കാരന്‍ മേനഗയ്ക്ക് പണം നല്‍കാതെ വേറൊരു അവസ്ഥയും ഉണ്ടായിരുന്നില്ല. ഇത് പ്രധാനമന്ത്രിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുന്നു. ഇത് ചെയ്തത് എനിക്കുവേണ്ടിയല്ല. ഭാവിയിലെ നിര്‍മാതാക്കള്‍ക്കായിട്ടാണെന്നും അദ്ദേഹം കുറിച്ചു.