കലാപത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ: ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ വീണ്ടും കേസ്

കണ്ണൂര്‍ : യൂട്യൂബ് വ്ലോ​ഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈബര്‍ സെല്‍ ഓഫീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ പരാതിയിലാണ് ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇവരുടെ പേജിലും മറ്റുമുണ്ടായിരുന്ന വീഡിയോയാണ് തെളിവായി ഉപയോഗിച്ചിരിക്കുന്നത്. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന വീഡിയോകളുണ്ട്. ഈ വീഡിയോകളുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ, ഇവര്‍ക്കെതിരേ ആര്‍.ടി. ഓഫീസില്‍ അതിക്രമിച്ച്‌ കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇതിന് ഇവര്‍ക്ക് ജാമ്യം ലഭിച്ചരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നല്‍കിയത്.