അഗ്നിപഥ് : കേന്ദ്ര സർക്കാർ പിന്നോട്ടില്ല.

ന്യൂഡല്‍ഹി/ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധേയമായ അഗ്നിപഥ് പദ്ധതി സർക്കാർ പിന്‍വലിക്കില്ല.  ഇന്ത്യയിലെ യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡല്‍ഹിയിൽ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അഗ്നിപഥ് പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് കേന്ദ്രമന്ത്രി സൂചന നൽകിയിരിക്കുന്നത്.

സേനയിലേക്ക് രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടപടികള്‍ നടന്നിരുന്നില്ല. നിരവധി യുവാക്കള്‍ക്ക് സേനയില്‍ ചേരാന്‍ ഇതുമൂലം അവസരം ലഭിച്ചിരുന്നില്ല. ഇത് വസ്തുതയാണ്. ഇതു കണക്കിലെടുത്തും, യുവാക്കളുടെ ഭാവി പരിഗണിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതിക്ക് രൂപം നല്‍കിയത്. പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ, ഇത്തവണ അഗ്‌നിവീരന്മാരുടെ റിക്രൂട്ട്‌മെന്റിന്റെ പ്രായപരിധി 21 ല്‍ നിന്ന് 23 ആയി ഉയര്‍ത്തി നിലവിലുള്ള ആശങ്കകള്‍ക്ക് പരിഹാരം കണ്ടിട്ടുണ്ട്.

അഗ്നിപഥ് പദ്ധതിയിലേക്കുള്ള ഹൃസ്വകാല നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും. റിക്രൂട്ട്‌മെന്റ് പ്രായപരിധി ഉയര്‍ത്തിയത് അഗ്‌നിവീരന്മാരാകാനുള്ള നിരവധി യുവാക്കളുടെ യോഗ്യതയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുക്കാനും, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും രാജ്‌നാഥ് സിംഗ് അഭ്യർത്ഥിച്ചു.

അഗ്നിപഥ് പദ്ധതിയെ പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തുകയുണ്ടായി. യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനും ശോഭനമായ ഭാവിയിലേക്ക് മുന്നേറാനും ഈ പദ്ധതി സഹായകമാകും. അഗ്‌നിപഥ് പദ്ധതിയിലൂടെ യുവാക്കള്‍ക്ക് രാജ്യത്തിനും ശോഭനമായ ഭാവിക്കും വേണ്ടിയുള്ള ദിശയിലേക്ക് മുന്നേറാൻ കഴിയും. പദ്ധതി നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയെന്നും അമിത് ഷാ പറയുകയുണ്ടായി.