കരസേനയിൽ അഗ്നിവീർ: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് തുടക്കം

തിരുവനന്തപുരം. കരസേനയിൽ അഗ്നിവീർ ഭടന്മാരാകാൻ അവസരമൊരുക്കുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് തുടക്കം. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് അവസരം ലഭിക്കുക. റിക്രൂട്ട്‌മെന്റ് റാലി 25-നാണ് സമാപിക്കുന്നത്. തുടർന്ന് 26 മുതൽ 29 വരെ ആർമി റിക്രൂട്ട്‌മെന്റ് റാലിയും നടക്കുന്നുണ്ട്. ദിനംപ്രതി 2,000-ത്തോളം ഉദ്യോഗാർത്ഥികൾ റിക്രൂട്ട്‌മെൻറ് റാലിക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്. റിക്രൂട്ട്‌മെന്റിന് എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ജില്ലാഭരണകൂടം താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. റെയിൽവേ കമ്യൂണിറ്റി ഹാളിലാണ് താമസ സൗകര്യം സജ്ജമാക്കിയിട്ടുള്ളത്.

അഗ്നിവീർ ടെക്നിക്കൽ, അഗ്‌നിവീർ ട്രേഡ്സ്മെൻ (പത്താം ക്ലാസ്, എട്ടാം ക്ലാസ്), അഗ്‌നിവീർ (ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ) വിഭാഗങ്ങളി ലേക്കാണ് അഗ്നിവീരന്മാരെ തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്.

സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ് / നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമീഷൻഡ് ഓഫീസർ എന്നീ വിഭാഗങ്ങളിലാണ് ആർമി റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കേരളം കൂടാതെ, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും ആർമി റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കും.

സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് സൗജന്യ സേവനമാണെന്നും ജോലിവാഗ്ദാന വുമായി എത്തുന്നവരെ കരുതിയിരിക്കണമെന്നും കരസേന അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡിനൊപ്പം യഥാർത്ഥ രേഖകളും കരുതണം. റിക്രൂട്ട്‌മെന്റ് വാഗ്ദാനം നൽകുന്നവർക്ക് യഥാർത്ഥ സർട്ടിഫിക്കറ്റുകൾ കൈമാറരുതെന്നും കരസേന അറിയിച്ചിട്ടുണ്ട്.