ഉമ്മ എന്താണ് ചായ കുടിക്കാത്ത് എന്ന് ഞാനൊരിക്കലും അന്ന് ചോദിച്ചില്ലായിരുന്നു

ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തിയ ഉമ്മയെക്കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് അഹമ്മദ് കബീർ മരിയാട്. ആൺതുണയില്ലാതെ മക്കളെ വളർത്താനായി അമ്മയെടുത്ത കഷ്ടപ്പാടുകളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ബാല്യത്തിന്റെ അറിവില്ലായ്മയോ തീറ്റയോടുളള അടങ്ങാത്ത ഭ്രാന്തോ ആണെന്നറിയില്ല ഒരിക്കൽ പോലും നിങ്ങൾ എന്താണ് ചായ കുടിക്കാത്ത് എന്ന് ഞാനൊരിക്കലും ഉമ്മയോട് ചോദിച്ചതുമില്ലായിരുന്നെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഉമ്മയുടെ കൈയ്യിൽ തൂങ്ങി മഞ്ചേരി അങ്ങാടിയിലേക്ക് പോവുക എന്നത് ബാല്യത്തിലെ എന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു. മിക്കവാറും ജില്ലാ ആശുപത്രിയിലേക്ക് പോവാനായിരുന്നു കൂടുതൽ മഞ്ചേരിയെ ആശ്രയിച്ചിരുന്നത്. ഉമ്മക്കും എന്നെ കൂടെ കൊണ്ട് പോവുകയെന്നാൽ പ്രത്യേകം ഇഷ്ടമായിരുന്നു. ആകെയുള്ള ആൺതരിയല്ലേ…, അതിന്റേതായ വാൽസല്യവും പിന്നെ കൂടെ പേടിക്ക് ഒരാളും ആവുമല്ലോ എന്നോർത്തിട്ടായിരിക്കും ഉമ്മയെന്നേയും കൂടെ കൂട്ടുക.

പക്ഷെ മഞ്ചേരി എന്ന് കേട്ടാൽ ഞാൻ മുന്നേ ചാടി റെഡിയാവുന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ടായിരുന്നു. അത് ഉമ്മക്കും അറിയുന്ന ഒരു പരസ്യമാണ്. ആശുപത്രിയിൽ നിന്ന് വരി നിന്ന് ടോക്കൺ വാങ്ങി, ഡോക്ടറെ കാണാൻ വീണ്ടും വരി നിന്ന്,വീണ്ടും മരുന്നിന് വരി നിന്ന് ഉമ്മയാകെ ക്ഷീണിച്ചിട്ടുണ്ടാകും. എല്ലാം കഴിഞ്ഞ് പുറത്ത് വന്നാൽ ആശുപത്രിയുടെ പുറത്തെ ഹോട്ടലിൽ നിന്നും ഉമ്മയുടെ ക്ഷീണം മാറ്റാൻ ഒരു പാൽചായയും കൂട്ടിന് ഒരു കടിയും വാങ്ങി എനിക്ക് തരും.

എന്നെ ഹോട്ടലിൽ ഇരുത്തി പൈസ കൊടുത്ത് ഉമ്മ പുറത്തേക്ക് മാറി നിൽക്കുമായിരുന്നു. തീറ്റപ്പിരാന്തനായ ഞാനെന്ന നിഷ്കു ബാല്യം ചായ കുടിച്ച് പുറത്തേക്ക് വരുവോളം ഉമ്മയങ്ങനെ കാത്ത് നിൽകുന്നുണ്ടാവും. ബാല്യത്തിന്റെ അറിവില്ലായമയോ തീറ്റയോടുളള അടങ്ങാത്ത ഭ്രാന്തോ ആണെന്നറിയില്ല ഒരിക്കൽ പോലും നിങ്ങൾ എന്താണ് ചായ കുടിക്കാത്ത് എന്ന് ഞാനൊരിക്കലും ഉമ്മയോട് ചോദിച്ചതുമില്ലായിരുന്നു. ആ ചായയും കടിയും മനസിൽ താലോലിച്ചാണ് ഞാൻ ഉമ്മയോടൊപ്പം പോവാൻ താൽപര്യം കാണിച്ചിരുന്നത്.

കാലചക്രം ഒരുപാട് തിരിഞ്ഞപ്പോഴാണ് ആ ചായയിലൂടെ എനിക്ക് ഉമ്മ പകർന്ന സ്നേഹത്തിന്റെ അളവും,എനിക്ക് ചായ വാങ്ങി തന്ന് ഉമ്മ മാറി നിന്നിരുന്നതിന്റേയും രഹസ്യം മനസിലായത്. ഇല്ലായ്മയുടെ വലിയ ഭാരം എന്നെ അറിയിക്കാതെ എന്നിലെ ബാല്യത്തെ ആ മാതൃ ഹൃദയം എത്ര ലാഘവത്തോടെയാണ് സമ്പുഷ്ടമാക്കിയത്. എത്ര ത്യാഗോജ്ജ്വലമായിരുന്നു ആ ജീവിതം എന്നോർക്കുമ്പോൾ എന്നിലെ താടി വെച്ച ഗൗരവക്കാരനെ തട്ടി മാറ്റി കണ്ണ് നനയാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. എനിക് വേണ്ടി ജീവിതം മാറ്റി വെച്ച് എനിക്ക് മാത്രമായ് ജീവിച്ച ഉമ്മ ആൺതുണയില്ലാതെ ജീവിതത്തോട് പട വെട്ടി വിജയം വരിച്ച ധീരയായ വനിതാ രത്നമാണ് എനിക്ക് എന്റെ ഉമ്മ അധ്വാനത്തിന്റേയും വിയർപ്പിന്റേയും മൂല്യമെന്തെന്ന് ജീവിതം കൊണ്ട് എനിക്ക് പഠിപ്പിച്ച അധ്യാപികയാണ് ഉമ്മ അസുഖങ്ങൾ പലതും കൂടെകൂടിയിട്ടും എന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടും വരെ എനിക്ക് ഒറ്റത്തടിയായ് ജീവിക്കാൻ സമയം അനുവദിച്ച്തന്ന് സഹന ജീവിതം നയിക്കുകയാണ് ഇപ്പോഴും..ഉമ്മയെന്നാൽ അത് ഒരത്ഭുതം തന്നെയല്ലേ..