ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം കൂടുതല്‍ അപകടകാരിയാവാം; മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാവാന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹി എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ വൈറസ് വകഭേദം നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. ഇന്ത്യയില്‍ ആര്‍ജിത പ്രതിരോധ ശേഷി എന്നത് ഒരു ‘മിത്ത്’ ആണ്. കൊവിഡില്‍നിന്ന് സംരക്ഷണം വേണമെങ്കില്‍ ജനസംഖ്യയുടെ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം.

കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാധ്യമായിരിക്കും. പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് പ്രതിരോധശേഷി നേടിയ ആളില്‍ വീണ്ടും രോഗബാധയുണ്ടാക്കാന്‍ സാധിച്ചേക്കാമെന്നും അത് അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലുടനീളം 240 പുതിയ വൈറസ് വകഭേദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുതല്‍ സംസ്ഥാനത്ത് പുതിയ തോതിലുള്ള അണുബാധകള്‍ കണ്ടുവെന്ന് മഹാരാഷ്ട്രയിലെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി എന്‍ഡിടിവിയോട് പറഞ്ഞു.

മഹാരാഷ്ട്രയ്ക്ക് പുറമെ കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഢ്്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും വൈറസ് ബാധ കൂടുതലാണ്. ഇപ്പോഴുള്ള വാക്‌സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമായേക്കാം. എന്നാല്‍, അവയുടെ കാര്യക്ഷമത ആര്‍ജിത പ്രതിരോധശേഷയെ ആശ്രയിച്ചിരിക്കും. അതായത്, വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുണ്ടാകുന്ന രോഗബാധയുടെ തീവ്രത കുറവായിരിക്കാന്‍ ഇടയുണ്ട്. പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിന് വാക്‌സിനുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന കാര്യം വരുംമാസങ്ങളില്‍ രോഗബാധയുടെ സ്വഭാവം നോക്കിയേ നിശ്ചയിക്കാനാകൂ എന്നും ഗുലേറിയ പറഞ്ഞു.

പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് പ്രതിവിധി. വ്യാപകമായ പരിശോധന, ക്വാറന്റൈന്‍ തുടങ്ങിയ നടപടികള്‍ ഇന്ത്യയില്‍ തിരികെകൊണ്ടുവരേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും കൊവിഡ് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.