ഹെലികോപ്റ്റർ പറത്തിയത് പരിചയസമ്പന്നനായ പൈലറ്റ്; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യോമസേന

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്ന് വ്യോമസേന. പ്രാഥമികമായ വിവരശേഖരണ റിപ്പോർട്ടാണ് ഇപ്പോൾ വ്യോമസേന പ്രതിരോധമന്ത്രിക്ക് നൽകിയിരുന്നത്. വ്യത്യസ്തങ്ങളായ കാരണങ്ങളുടെ സാധ്യതകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൂനൂർ അടക്കമുള്ള മേഖലകളിൽ കനത്ത മഴ പെയ്യുകയായിരുന്നു. ഇവിടെ ഇപ്പോഴും കനത്ത മഞ്ഞുണ്ട്. കാലാവസ്ഥ തന്നെയാവും പ്രധാന കാരണമെന്നാണ് കരുതപ്പെടുന്നത്. മൂടൽ മഞ്ഞിൽ കാഴ്ച തടസപ്പെട്ട് മരത്തിൽ തട്ടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പൈലറ്റിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചയോ ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയോ റിപ്പോർട്ടിൽ തള്ളുന്നുണ്ട്.

പ്രധാമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്ന് വൈകിട്ട് 6.30 സുരക്ഷാകാര്യങ്ങൾക്കായുള്ള യോഗം നടക്കും. പ്രധാമന്ത്രിയുടെ സഹപ്രവർത്തകരും സേന മേധാവിമാരും പങ്കെടുക്കും. കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമായിരിക്കും അപകടസ്ഥലത്തേക്ക് സ്റ്റാലിന്‍ എത്തുക. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന‍ർജിയും തൻ്റെ ഔദ്യോ​ഗിക പരിപാടികൾ റദ്ദാക്കി. വിവിധ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും അപകടത്തിൽ ഞെട്ടലും ഖേദവും രേഖപ്പെടുത്തി.

വാര്‍ത്ത ഞെട്ടിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ബിപിൻ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു. ദുഖകരമായ വാര്‍ത്തയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തമിഴ്‌നാട്ടില്‍ കുനൂരിനടുത്ത് കാട്ടേരി ഫാമിന് സമീപം സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.

ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ്റ്റനന്റ് കേണല്‍ ഹജീന്ദര്‍ സിംഗ്, നായിക് ഗുര്‍സേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരുടെ പേരുകളാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.