വായു മലിനീകരണം, ഡല്‍ഹിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കി

 

ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. നവംബര്‍ 13 മുതല്‍ 20 വരെയാണ് നിയന്ത്രണം. ട്രക്കുകള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരും.

സ്‌കൂളുകളില്‍ ഈയാഴ്ച അടച്ചിടുന്നത് 11 വരെയുള്ള ക്ലാസുകളിലേക്ക് കൂടി നീട്ടി. നിലവില്‍ അഞ്ചാം ക്ലാസ് വരെയാണ് അടച്ചിട്ടിരിക്കുന്നത്. തലസ്ഥാനത്ത് സ്‌കൂളുകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.

കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹി പുകമഞ്ഞ് കൊണ്ട് മൂടിയിരിക്കുന്ന നിലയിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി.

ബിഎസ് ത്രീ പെട്രോള്‍, ബിഎസ് ഫോര്‍ ഡീസല്‍ വാഹനങ്ങളുടെ നിരോധനം തുടരും. വായുമലിനീകരണം കുറയ്ക്കാന്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒറ്റ, ഇരട്ട വാഹന നിയന്ത്രണം ആവിഷ്‌കരിച്ചത്. നിലവില്‍ നവംബര്‍ 13 മുതലുള്ള ഒരാഴ്ച കാലയളവിലാണ് നഗരത്തില്‍ ഇത് ഏര്‍പ്പെടുത്തിയത്.